രമ്യ ഹരിദാസിനെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ  പ്രകടനം മോശമാണെന്ന് സിപിഎം ആരോപണം ഉയര്‍ത്തിയിരുന്നു

തൃശ്ശൂര്‍: കോഴിക്കോട് കുന്നംമംഗലം ബ്ലോക്ക് പഞ്ചായത്തിൻറെ പ്രകടനം മോശമാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം തെറ്റെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പഞ്ചായത്തിൻറെ പദ്ധതി ചെലവ് സംബന്ധിച്ച കണക്കുകള്‍ സോഫ്റ്റ് വെയറില്‍ സര്‍ക്കാര്‍ പുതുക്കാത്തതാണ് പ്രശ്നമെന്ന് നിലവില്‍ കുന്ദമംഗലം ബ്ലോക് പ്രസിഡൻറായ രമ്യ വ്യക്തമാക്കി. തൃശ്ശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച രാഷ്ട്രീയ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രമ്യ. 

Add Asianetnews as a Preferred SourcegooglePreferred

പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സര്‍ക്കാരിലേക്ക് കൈമാറിയിട്ടുണ്ടെങ്കിലും അത് പക്ഷേ കൃത്യമായി വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാറില്ല. പദ്ധതി നടത്തിപ്പിന്‍റെ പഴയ സ്ഥിതിവിവര കണക്കാണ് സര്‍ക്കാര്‍ സൈറ്റില്‍ ഇപ്പോള്‍ കാണിക്കുന്നത്. ഇതു വച്ചാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്കുകളും ചേര്‍ത്തുള്ള പട്ടിക വരുമ്പോള്‍ ചിത്രം മാറുമെന്നും രമ്യാ ഹരിദാസ് പറയുന്നു. 

രമ്യ ഹരിദാസിനെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രകടനം മോശമാണെന്ന് സിപിഎം ആരോപണം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ കുന്ദമംഗലത്തിന്‍റെ റാങ്ക് വളരെ താഴോട്ടായിരുന്നുവെന്നായിരുന്നു വിമര്‍ശനം. സംസ്ഥാനത്തെ ബ്ലോക് പഞ്ചായത്തുകളില്‍ കുന്നംമംഗലത്തിൻറെ റാങ്ക് വളരെ താഴോട്ടാണെന്നായിരുന്നു വിമര്‍ശനം. 

മോശം പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരായ നിയമനടപടി തുടരും. വിജയരാഘവന്‍റെ പരാമര്‍ശം മോശമായെന്ന് സംവാദത്തില്‍ പങ്കെടുത്ത എൻഡിഎ സ്ഥാനാര്‍ഥി ടി ബാബുവും അഭിപ്രായപ്പെട്ടു. ആലത്തൂരില്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറയാതെ രാഷ്ട്രീയം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ഇതേ പരിപാടിയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജു എംപി അഭിപ്രായപ്പെട്ടത്.