പട്ന: കുടുംബവുമായി തെറ്റിപ്പിരിഞ്ഞുപോയ മകനെ തിരികെവിളിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി. വീട്ടില്‍ നിന്ന് പിണങ്ങിപ്പോയ മകന്‍ തേജ്പ്രതാപിനോടാണ് തിരികെ വരാന്‍ റാബ്രി അഭ്യര്‍ത്ഥിച്ചത്. 

ബീഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടിംഗ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തേജ്പ്രതാപിനെ തിരികെവിളിച്ചുള്ള റാബ്രിയുടെ അപേക്ഷ. 'മതി മകനേ, വീട്ടിലേക്ക് മടങ്ങിവരൂ' എന്നാണ് റാബ്രി ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തിലേറെയായി വീട്ടില്‍ നിന്നകന്നു കഴിയുകയാണ് തേജ്പ്രതാപ്. കഴിഞ്ഞവര്‍ഷം വിവാഹമോചനത്തിനുള്ള അപേക്ഷ നല്കിയ ശേഷം റാഞ്ചിയിലെ ജയിലിലെത്തി ലാലുപ്രസാദിനെ കണ്ടുമടങ്ങിയ തേജ്പ്രതാപ് പിന്നെ വീട്ടിലേക്ക് എത്തിയിട്ടില്ല. മുതിര്‍ന്ന ആര്‍ജെഡി നേതാവിന്‍റെ മകളായ ഐശ്വര്യ റായിയാണ് തേജ്പ്രതാപിന്‍റെ ഭാര്യ. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.

ലാലുപ്രസാദ് യാദവിന്‍റെ ഇളയമകനും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വിയാദവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് തേജ്പ്രതാപ് വീട് വിട്ട് പോയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് റാബ്രിദേവി നിഷേധിച്ചു. മക്കള്‍ തമ്മില്‍ ശത്രുതയിലാണെന്ന് ചിലര്‍ കഥ മെനയുകയാണ്. കുടുംബത്തെ തകര്‍ക്കാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നത്. ചില ബിജെപി.ജെഡിയു അംഗങ്ങളാണ് ഇതിനൊക്കെ പിന്നില്‍ താന്‍ മകനോട് എല്ലാ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും റാബ്രിദേവി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്‍റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് തേജസ്വിയാദവുമായി തേജ്പ്രതാപ് തെറ്റിപ്പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പാര്‍ട്ടി യുവജനവിഭാഗം ഉപദേശകസ്ഥാനവും തേജ്പ്രതാപ് ഉപേക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തേജ്പ്രതാപ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.