എതിരാളികൾക്ക് ഇങ്ങനെ ഒരു അവസരം രാഹുൽഗാന്ധി എന്തിനാണ് ഒരുക്കി കൊടുക്കുന്നതെന്നും ലാലു പ്രസാദ് യാദവ്

ദില്ലി: രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത ആത്മഹത്യാപരമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന് മാത്രമല്ല സംഘ പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികൾക്കും ഇത് തിരിച്ചടിയാണ്. 

ബിജെപിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണിതെന്നും എതിരാളികൾക്ക് ഇങ്ങനെ ഒരു അവസരം രാഹുൽഗാന്ധി എന്തിനാണ് ഒരുക്കി കൊടുക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ചാണ് രാഹുൽ ഗാന്ധി മുന്നോട്ട് നീങ്ങുന്നത്. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനെത്തിയ നേതാക്കളോട് രാഹുൽ നിലപാട് ആവര്‍ത്തിച്ചു. അതേ സമയം സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് പിസിസികള്‍ രാഹുലിന് കത്തയച്ചു. 

അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് പ്രഖ്യാപിച്ചത്. എന്നാൽ, രാജിസന്നദ്ധത തള്ളിക്കൊണ്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ഇതിനോട് രാഹുൽ പ്രതികരിച്ചിരുന്നില്ല. 

മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനെ കണ്ട് തീരുമാനം മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും രാജി തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതിന്‍റെ യാതൊരു സൂചനയും രാഹുല്‍ ഗാന്ധി നല്‍കിയിട്ടില്ല.