Asianet News MalayalamAsianet News Malayalam

'ശബരിമല'യും 'പുൽവാമ'യും പരാമർശിച്ച് അമിത് ഷാ: സർക്കാരിന്‍റെ പ്രധാന നേട്ടം ദേശസുരക്ഷയെന്നും ഷാ

ശബരിമല വിശ്വാസസംരക്ഷണത്തിനൊപ്പം അയ്യപ്പവിശ്വാസികൾക്കൊപ്പം ബിജെപി ഉണ്ടാകും. ശബരിമലയിൽ പൊലീസിനെ നിർത്തി സമരത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡിവൈഎഫ്ഐക്കാരെ പോലും പൊലീസ് വേഷം കെട്ടിച്ച് നിർത്തി - അമിത് ഷാ ആരോപിച്ചു. 

sabarimala and pulwama are subjects of amit shah speech
Author
Thiruvananthapuram, First Published Apr 16, 2019, 7:07 PM IST

തൃശ്ശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ 'ശബരിമല'യും 'പുൽവാമ'യും പരാമർശിച്ച് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും ആരോപിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടത്തിയ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

'കേരളത്തിലെ സർക്കാർ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലിൽ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണ് ഇത്ര തിടുക്കം?', അമിത് ഷാ ചോദിച്ചു. 

'ശബരിമല വിശ്വാസസംരക്ഷണത്തിനൊപ്പം അയ്യപ്പവിശ്വാസികൾക്കൊപ്പം ബിജെപി ഉണ്ടാകും. ബിജെപി പ്രകടനപത്രികയിൽ ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കുമെന്നും അത് സുപ്രീംകോടതിയുടെ മുമ്പാകെ എത്തിക്കുമെന്നും പറഞ്ഞത് അതുകൊണ്ടാണ്. ശബരിമലയിൽ പൊലീസിനെ നിർത്തി സമരത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡിവൈഎഫ്ഐക്കാരെ പോലും പൊലീസ് വേഷം കെട്ടിച്ച് നിർത്തി. ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാൻ ശ്രമിച്ചാൽ ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളും ബിജെപി നടത്തും. അതിനായി ഏതറ്റം വരെയും പോകും', തെരഞ്ഞെടുപ്പ് പരിപാടിയിൽ അമിത് ഷാ പറഞ്ഞു. 

നരേന്ദ്രമോദി സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തു. അടിസ്ഥാനവികസന സൗകര്യങ്ങൾ വിപുലപ്പെടുത്തി. എന്നാൽ ഏറ്റവും വലിയ പ്രാധാന്യം നൽകിയത് ദേശസുരക്ഷയ്ക്കാണെന്നും അമിത് ഷാ വ്യക്തമാക്കി.

'പുൽവാമ ഭീകരാക്രമണത്തിന് മറുപടിയുമായി നരേന്ദ്രമോദി ഉടൻ തന്നെ തിരികെ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി. രാജ്യത്തിന്‍റെ സേന തിരിച്ചടിച്ചു. സാം പിത്രോദ പ്രത്യാക്രമണത്തിന് തെളിവ് ചോദിച്ചില്ലേ? ഭീകരവാദികളുമായി ചർച്ച വേണോ, അതോ അവർക്ക് നേരെ ബോംബ് വർഷിക്കണോ, നിങ്ങൾ തന്നെ പറയണം', അമിത് ഷാ ചോദിച്ചു. 

നരേന്ദ്രമോദി സർക്കാർ ഭീകരവാദികളുമായി ചർച്ച ചെയ്യില്ല. അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് ബോംബ് വർഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ ആദ്യപ്രചാരണപരിപാടിയ്ക്ക് എത്തിയപ്പോൾ 'ശബരിമല' എന്ന വാക്ക് പരാമർശിക്കാതെയാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്ന് പ്രസംഗിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സമാനമായ രീതിയിൽ ആചാരസംരക്ഷണത്തിനായി കോൺഗ്രസ് നിലകൊള്ളുമെന്ന് കേരളത്തിലെ പ്രചാരണ റാലിയിൽ പ്രസംഗിച്ചിരുന്നു. 

അമിത് ഷായുടെ പ്രസംഗത്തിന്‍റെ പൂർണ രൂപം:

Follow Us:
Download App:
  • android
  • ios