തീവ്രവാദക്കേസിൽ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായവർക്കെതിരെ ക‌ർശന നടപടിയെടുക്കാനുള്ള ധാർമ്മികത കോൺഗ്രസ് കാണിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ദില്ലി:സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദയുടെ വിവാദ പരാമ‌ശത്തിൽ വിശദീകരണവുമായി കോൺഗ്രസ്. സാം പിത്രോദയുടേത് പാർട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി . പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ നേതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും കോൺഗ്രസ് പത്രക്കുറിപ്പിൽ പറഞ്ഞു. സിഖ് കൂട്ടക്കൊലയ്ക്കൊപ്പം തന്നെ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. മതത്തിന്‍റെയും ജാതിയുടെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും കോൺഗ്രസ് അപലപിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തീവ്രവാദക്കേസിൽ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായവർക്കെതിരെ ക‌ർശന നടപടിയെടുക്കാനുള്ള ധാർമ്മികത കോൺഗ്രസ് കാണിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു.

1984 ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വാക്കുകളെ രാഷ്ടീയ ആയുധമാക്കി ബിജെപി പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാൽ തന്‍റെ വാക്കുകളെ ബിജെപി വളച്ചൊടിക്കുകയാണെന്നാണ് സാം പിത്രോദയുടെ വിശദീകരണം