താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഒരു പാർട്ടിക്ക് വേണ്ടിയും പ്രചരണത്തിന് ഇറങ്ങില്ലെന്നും സപ്‌ന ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസം സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്   

ദില്ലി: കോൺ​ഗ്രസിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് ഹരിയാനയിലെ പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരി രം​ഗത്തെത്തി. താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഒരു പാർട്ടിക്ക് വേണ്ടിയും പ്രചരണത്തിന് ഇറങ്ങില്ലെന്നും സപ്‌ന ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസം സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്.

കോൺ​ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിനായി യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുമായി സപ്‌ന കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം സപ്‌ന നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നായിരുന്നു സപ്‌നയുടെ വിശദീകരണം. 

കോൺ​ഗ്രസ് ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രാജ് ബാബ്ബറുടെ ദില്ലിയിലെ വസതിയിൽ വച്ചാണ് സപ്‌ന അം​ഗത്വം സ്വീകരിച്ചതെന്നാണ് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥി ഹേമമാലിനിക്കെതിരെ മധുരയിൽ സപ്‌നയെ നിർത്താനായിരുന്നു കോൺ​ഗ്രസിന്റെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം സപ്‌ന ചൗധരി നിക്ഷേധിച്ചു. 

സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സപ്‌നയെ പോലുള്ള നര്‍ത്തകിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് വഴി സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തി പിടിക്കുകയാണ് രാഹുലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞു.