അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നേരിട്ട് ഏറ്റുമുട്ടിയ അമേഠിയില്‍ പോരിനിറങ്ങിയ സരിത എസ് നായര്‍ വാര്‍ത്താ കോളങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. രാഹുല്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ മണ്ഡലത്തില്‍ സരിതയുടെ പോരാട്ടം തീരെ മോശമായില്ല. കെട്ടിവച്ച കാശടക്കം പോയെങ്കിലും പോസ്റ്റല്‍ വോട്ടടക്കം നേടാന്‍ സരിതയ്ക്ക് സാധിച്ചിരുന്നു.

ആരാണ് പോസ്റ്റല്‍ വോട്ട് ഇട്ടതെന്നറിയാനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ അത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആകെയുള്ള 28 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ മാത്രമാണ് പോസ്റ്റല്‍ വോട്ട് നേടിയത്. സ്മൃതിക്ക് 916 ഉം രാഹുലിന് 527 ഉം നോട്ടയ്ക്ക് 9 ഉം പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടിന്‍റെ കാര്യത്തില്‍ നോട്ടയാണ് മൂന്നാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ എട്ടാം സ്ഥാനത്താണ് സരിത എത്തിയത്.

ആകെ മൊത്തം സരിത എസ് നായര്‍ 569 വോട്ടുകളാണ് അമേഠിയില്‍ സ്വന്തമാക്കിയത്. ഇവിടെ മത്സരിച്ചവരില്‍ ഏറ്റവും പിന്നിലായില്ല സരിത എന്നതാണ് മറ്റൊരു വസ്തുത. രണ്ടുപേര്‍ക്ക് സരിതയെക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. 

എന്നാല്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു രാജ്യം ഉറ്റുനോക്കിയ അമേഠിയില്‍ മത്സരിക്കാന്‍ സരിത തീരുമാനിച്ചത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നും അമേഠിയില്‍ പോയി പോസ്റ്റല്‍ വോട്ടടക്കം നേടാനായതില്‍ സരിതയ്ക്ക് ആഹ്ളാദിക്കാം. അമേഠിയില്‍ മത്സരിച്ച് 569 വോട്ട് നേടിയ സരിത കേരളത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് പറയാനാകില്ല.