കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്‍റെ ചെറിയമ്മ ശോഭനയുടെ മകൻ ശരത്തും രംഗത്ത്. യോഗത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ചടങ്ങിന് വിളിച്ചതെന്ന് ശരത് പറഞ്ഞു. സംഭവത്തിൽ തന്‍റെ അമ്മ നിരാശയാണെന്നും ബിജെപിയുടേത് തരം താണ പ്രവൃത്തിയാണെന്നും ശരത് കൂട്ടിച്ചേ‍ർ‍ത്തു. 

ഞങ്ങൾ പണ്ടേ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാർ പ്രതികരിച്ചു. 

കൊച്ചിയിൽ നടന്ന ചങ്ങിൽ ശശി തരൂരിന്‍റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നൽകുമെന്നായിന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് നടക്കുകയും ചെയ്തു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങൾ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് സമീപിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോൾ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചത്. 

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്‍റെ ബന്ധുക്കൾ പറയുന്നു. അതെക്കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായതുമില്ല. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്‍റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയിൽ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. 

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ച് അംഗത്വ വിതരണം നടത്തുകയും ചെയ്തു. വിവരം മാധ്യമങ്ങളെയും നേരത്തെ തന്നെ വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബിജെപി ചടങ്ങിനെത്തിച്ചത്.