ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ ശത്രുഘ്നൻ സിൻഹയ്ക്ക് പകരം  കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിനാണ് സീറ്റ് നൽകിയത്. ഏപ്രിൽ ആറിന് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേരും.

ദില്ലി: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺ​ഗ്രസിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്ന മുൻ എംപി ശത്രുഘ്നൻ സിൻഹയ്ക്ക് പിന്തുണയുമായി മകളും ബോളിവു‍ഡ് നടിയുമായ സൊനാക്ഷി സിൻ‌ഹ. അദ്ദേഹം ബിജെപിയിൽ നിന്ന് നേരത്തെ തന്നെ രാജി വെക്കണമെന്നായിരുന്നു സൊനാക്ഷിയുടെ അഭിപ്രായ പ്രകടനം. ശത്രുഘ്നൻ സിൻഹയ്ക്ക് സീറ്റ് നൽകില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു.

''ജെ പി നാരായൺ, വാജ്‌പേയി, അദ്വാനി എന്നിവർക്കൊപ്പം പാർട്ടി പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് അച്ഛൻ. അന്ന് ഇവർക്ക് ബിജെപിയിൽ വളരെ ആദരവ് ലഭിച്ചിരുന്നു. എന്നാൽ ഈ നേതൃനിരയ്ക്ക് ഇപ്പോൾ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ല.'' സൊനാക്ഷി പറഞ്ഞു.
നാല് ദിവസം മുമ്പാണ് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്. ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ ശത്രുഘ്നൻ സിൻഹയ്ക്ക് പകരം കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിനാണ് സീറ്റ് നൽകിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഏപ്രിൽ ആറിന് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേരും.