സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയിരിക്കുന്നത്. മോദിക്കും അമിത് ഷായ്ക്കും നൽകിയ ക്ലീൻ ചിറ്റിൽ തീർപ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഹർജി. ഇതിൽ തീർപ്പ് കൽപിച്ച് കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എതിരെ നൽകിയ ഒമ്പത് പരാതികളിൽ തീർപ്പ് കൽപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി സുഷ്മിതാ ദേബ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയിരിക്കുന്നത്.
മോദിക്കും അമിത് ഷായ്ക്കും നൽകിയ ക്ലീൻ ചിറ്റിൽ തീർപ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഹർജി. ഇതിൽ തീർപ്പ് കൽപിച്ച് കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് മോദിക്കും അമിത് ഷായ്ക്കും അനുകൂലമായിരുന്നു. തീർപ്പ് കൽപിച്ചതിൽ എതിർപ്പുണ്ടെങ്കിൽ പുതിയ ഹർജിയുമായി കോൺഗ്രസിന് വരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇതനുസരിച്ച് പുതിയ ഒരു ഹർജിയുമായി സുപ്രീംകോടതിയിലേക്ക് കോൺഗ്രസ് എത്താനും സാധ്യതയുണ്ട്. എന്നാൽ സുപ്രീംകോടതി വേനലവധിക്കായി മെയ് 13-ന് അടയ്ക്കും. അതിനാൽത്തന്നെ ഉടൻ ഒരു നിയമനടപടിയിലൂടെ കോൺഗ്രസിന് ഈ പരാതിയിൽ പരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി രണ്ട് ഘട്ടങ്ങൾ മാത്രമാണ് ബാക്കി. മെയ് 12-നും മെയ് 17-നും. പ്രചാരണത്തിനായി ഇനി 9 ദിവസങ്ങളേയുള്ളൂ. ഈ കാലയളവിനുള്ളിൽ പെട്ടെന്ന് പരാതിയിൽ തീർപ്പുണ്ടാക്കിത്തരണമെന്നാണ് ഹർജിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഈ പരാതികളിൽ തീർപ്പുണ്ടാക്കിക്കഴിഞ്ഞെന്നും അതിൽ അതൃപ്തിയുണ്ടെങ്കിൽ അക്കാര്യം വിശദമാക്കി പുതിയ ഹർജി നൽകണമെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതനുസരിച്ച് നാളെത്തന്നെ, അതായത് മെയ് ഒമ്പതിന് തന്നെ, കോൺഗ്രസ് ഹർജി നൽകിയാലും കേസ് കോടതിയിൽ ലിസ്റ്റ് ചെയ്ത്, വാദങ്ങൾ നടന്ന്, മെയ് 13-നുള്ളിൽ കോടതിയുടെ എന്തെങ്കിലും ഉത്തരവ് വരാനുള്ള സാധ്യത വിരളമാണെന്നാണ് നിയമവിദഗ്‍ധർ വിലയിരുത്തുന്നത്.
മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികൾക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എംപി സുഷ്മിത ദേവ് കേസിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്‍റെ പേര് പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുൽഗാന്ധി ഒളിച്ചോടിയെന്ന പരാമർശത്തിന്‍റെ പേരിലുമടക്കം പരാതി നൽകിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തന്നെ രണ്ട് പരാതികളിൽക്കൂടി മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻചിറ്റ് നൽകി. കഴിഞ്ഞ ദിവസം ബാലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു.
