ദില്ലി: പകുതി വിവിപാറ്റ് രസീതുകൾ എങ്കിലും എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കോടതിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.

കോൺഗ്രസും സിപിഎമ്മും ഉൾപ്പടെ 23 പാർട്ടികളാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും അമ്പതു ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണം എന്നതാണ് ആവശ്യം. വോട്ട് കൃത്യമായി രേഖപ്പെടുത്തിയോ എന്ന് വോട്ടർക്ക് സ്വയം പരിശോധിക്കാവുന്ന വിവിപാറ്റ് രസീത് എല്ലാം എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലാപാട്. 

ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു പോളിംഗ് കേന്ദ്രം തെരഞ്ഞെടുപ്പ് വിവിപാറ്റ് രസീത് എണ്ണി ഇലക്ട്രോണിക് യന്ത്രത്തിലെ വോട്ടുമായി താരതമ്യം ചെയ്യുക എന്നതാണ് കമ്മീഷൻറെ ഇപ്പോഴത്തെ രീതി. എന്നാൽ പകുതി രസീത് എങ്കിലും എണ്ണുന്നത് വിശ്വാസ്യത ഉറപ്പു വരുത്താൻ സഹായിക്കും എന്നാണ് പ്രതിപക്ഷത്തിൻറെ നിലപാട്. ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബഞ്ച് തെര‍ഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ടു. 

ഈ മാസം 25ന് അകം മറുപടി നല്കണം. കേസ് ഇനി പരിഗണിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥൻ ഹാജരാകണം. ഏപ്രിൽ പതിനൊന്നിനാണ് ആദ്യഘട്ട വോട്ടെടുപ്പ്, മേയ് ഇരുപത്തി മൂന്നിനാണ് വോട്ടെണ്ണൽ. സുപ്രീംകോടതി സമാന ഹർജി നേരത്തെ തള്ളിയതാണ്. പ്രതിപക്ഷത്തിന്‍റെ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ പേപ്പർ ബാലറ്റ് എണ്ണുന്നത് പോലെ അമ്പതു ശതമാനം രസീതുകൾ എണ്ണേണ്ടി വരും. ഫലം പുറത്തു വരുന്നത് ഏറെ വൈകാനും ഇത് ഇടയാക്കും