കമ്മീഷന് അധികാരങ്ങൾ ലഭിച്ചതായി തോന്നുന്നുവെന്നും കമ്മീഷൻ അധികാരങ്ങളിലേക്ക് ഉണർന്നുവെന്നും സുപ്രീകോടതി പരിഹസിച്ചു

ദില്ലി: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തി അറിയിച്ച് സുപ്രീംകോടതി. യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ബിഎസ്പി ലീഡര്‍ മായാവതിക്കും എസ് പി സ്ഥാനാര്‍ത്ഥി അസം ഖാനും ബിജെപി സ്ഥാനാര്‍ത്ഥി മനേകാ ഗാന്ധിക്കുമെതിരെയുള്ള നടപടികളാണ് സുപ്രീംകോടതി ശരിവച്ചത്. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി തുടരാനും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദ്ദേശം നല്‍കി. 

അതേസമയം സുപ്രീംകോടതി, തെര‌ഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിക്കുകയും ചെയ്തു. കമ്മീഷന് അധികാരങ്ങൾ ലഭിച്ചതായി തോന്നുന്നുവെന്നും കമ്മീഷൻ അധികാരങ്ങളിലേക്ക് ഉണർന്നുവെന്നും കോടതി പറഞ്ഞു. പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികാരങ്ങൾ ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്‍റെ തീരുമാനത്തിൽ അതൃപ്തി ഉള്ളവർക്ക‌് കോടതിയെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.