Asianet News MalayalamAsianet News Malayalam

'അവർക്ക് സ്വന്തം നിഴലിനെപ്പോലും പേടിയാണ്': മമതയ്ക്ക് എതിരെ ബംഗാളിൽ ആഞ്ഞടിച്ച് മോദി

അമിത് ഷായുടെ റാലിക്കിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെതിരെ ആഞ്ഞടിച്ച മോദി ഇത് മമതയുടെ പ്രതികാരമാണെന്നും പറഞ്ഞു. മമതയ്ക്ക് എതിരെ അമിത് ഷായും ആരോപണങ്ങളുന്നയിച്ചിരുന്നു. 

Scared Of Her Own Shadow PM Modi Targets Mamata Banerjee At Bengal Rally
Author
Kolkata, First Published May 15, 2019, 6:15 PM IST

കൊൽക്കത്ത: ഇന്നലെ കൊൽക്കത്തയിൽ നടന്ന അമിത് ഷായുടെ റാലിയിൽ നടന്ന അക്രമങ്ങൾ മമതാ ബാനർജി പക വീട്ടിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മമതയ്ക്ക് സ്വന്തം നിഴലിനെപ്പോലും പേടിയാണ്. മമതയെ പുറത്താക്കാൻ പുറത്ത് നിന്ന് ആരെയും കൊണ്ടുവരേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്നും, ജനങ്ങൾ തന്നെ മമതയെ പുറത്താക്കുമെന്നും മോദി പറഞ്ഞു. 

''പക വീട്ടുമെന്ന് രണ്ട് ദിവസം മുമ്പ് മമതാ ദീദി പ്രഖ്യാപിച്ചതാണ്. 24 മണിക്കൂറിനുള്ളിൽ മമത ആ അജണ്ട നിറവേറ്റി. അമിത് ഷായുടെ റാലി ആക്രമിക്കപ്പെട്ടു'', മോദി പറഞ്ഞു. 

''അഹങ്കാരം കൊണ്ട് ദീദി എന്തൊക്കെയാണ് ചെയ്യുന്നത്. ഈശ്വരനാമം പറയുന്നവരെ അക്രമിക്കുന്നു. അക്രമം അഴിച്ചു വിടുന്നു. ജനാധിപത്യത്തിന്‍റെ കണ്ണുകെട്ടുന്നു. ഇതിനൊക്കെ പശ്ചിമബംഗാളിലെ വോട്ടർമാർ മറുപടി പറയും. 300-ലധികം വോട്ട് നേടാൻ പശ്ചിമബംഗാൾ ബിജെപിയെ സഹായിക്കും', മോദി പറഞ്ഞു.

കൊമ്പു കോർത്ത് മമതയും മോദിയും

പശ്ചിമബംഗാളിൽ ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെയുണ്ടായ അക്രമത്തിൽ കൊമ്പുകോർത്ത് ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സിആർപിഎഫ് ഉള്ളതുകൊണ്ടാണ് ജീവനും കൊണ്ട് തിരിച്ചെത്തിയതെന്ന് അമിത് ഷാ പറഞ്ഞപ്പോൾ, ബിജെപി പ്രവർത്തകരാണ് അക്രമം തുടങ്ങിവച്ചതെന്ന് ആരോപിച്ച് വിഡിയോ സഹിതം തെളിവുമായി പരാതി നൽകിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.

അമിത് ഷാ റാലി നടത്തിയ അതേ പാതയിലൂടെ റാലി നടത്തുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. കൊൽക്കത്ത സർവകലാശാലയുടെ പരിസരത്ത് നിന്ന് തുടങ്ങി, വിദ്യാസാഗർ കോളേജ് വഴി കോളേജ് സ്ട്രീറ്റ് വരെയാകും മമതാ ബാന‍ർജിയുടെ മറുപടി റാലി. 

ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നും ആ ആരോപണം ബിജെപിക്ക് മേൽ കെട്ടിവയ്ക്കുകയാണ് തൃണമൂൽ എന്നും അമിത് ഷാ ആരോപിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ യോഗി ആദിത്യനാഥിനെ പ്രചാരണത്തിൽ നിന്ന് വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ അക്രമം അഴിച്ചു വിട്ട മമതാ ബാനർജിക്കെതിരെ വിലക്ക് ഏർപ്പെടുത്താത്തതെന്താണെന്നും അമിത് ഷാ ചോദിച്ചു. 

''ഇത് വെറും അക്രമമായിരുന്നില്ല. ഇവിടെ രാഷ്ട്രപതി ഭരണം വേണ്ട, ജനങ്ങൾ തന്നെ ഇവരുടെ ഭരണം അവസാനിപ്പിക്കും. ദേശവ്യാപകമായി ബിജെപി റാലികൾ നടത്തുന്നു. എന്നാൽ പശ്ചിമബംഗാളിൽ മാത്രം അക്രമമുണ്ടാകുന്നു. എന്തുകൊണ്ട്? തൃണമൂലാണ് കാരണം'', അമിത് ഷാ ആരോപിച്ചു. 

'ജയ് ശ്രീറാം' എന്ന് വിളിച്ച് റാലി നടത്തുമെന്നും മമത എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും വെല്ലുവിളിച്ചുകൊണ്ട് അമിത് ഷാ നടത്തിയ 'സേവ് റിപ്പബ്ലിക്' റാലി ഇന്നലെ അക്രമാസക്തമായിരുന്നു. രാമന്‍റെയും ഹനുമാന്‍റെയും വേഷങ്ങൾ ധരിച്ച പ്രവർത്തകർ കാവി ബലൂണുകളുമായി കൊൽക്കത്തയിൽ റാലിയിൽ അണി നിരന്നു. കൊൽക്കത്ത നഗരമധ്യത്തിൽ ഇരുപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. വഴിയരികിൽ നിരവധി സ്ഥാപനങ്ങളും ബോ‍ർഡുകളും തകർക്കപ്പെട്ടു. ബംഗാളിൽ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമയും തകർക്കപ്പെട്ടു. 

പ്രതിഷേധസൂചകമായി സാമൂഹ്യമാധ്യമങ്ങളിൽ ഇന്ന് ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റാനാണ് തൃണമൂൽ പ്രവർത്തകരോട് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ബിജെപി രാവിലെ ദില്ലിയിൽ പ്രതിഷേധപ്രകടനം നടത്തി. ജനാധിപത്യത്തെ കൊല്ലാൻ ശ്രമിക്കുകയാണ് മമതയെന്നാണ് ബിജെപിയുടെ ആരോപണം. 

Follow Us:
Download App:
  • android
  • ios