കെ സി വേണുഗോപാൽ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയരും.മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , മുന്‍ കെപിസിസി അധ്യക്ഷൻമാര്‍ , വി ഡി സതീശൻ എന്നിവരെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ നിര്‍ണായക സ്ക്രീനിങ് കമ്മിറ്റി ഇന്ന് ദില്ലിയിൽ ചേരും. രാവിലെ പത്തു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നിക്ക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ പങ്കെടുക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , മുന്‍ കെപിസിസി അധ്യക്ഷൻമാര്‍ , വി ഡി സതീശൻ എന്നിവരെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം വി എം സുധീരന്‍ ദില്ലിയിൽ എത്താനിടയില്ല. കെ സി വേണുഗോപാൽ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷേ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പടക്കുതിരകൾ ഉണ്ടാകുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ദിവസങ്ങള്‍ക്കകം തീരുമാനിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് ആവശ്യത്തിലേറെ സമയമുണ്ട്. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര വിഷയമാണ്. അത് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.