Asianet News MalayalamAsianet News Malayalam

മോദി മന്ത്രിസഭ: താക്കോല്‍ സ്ഥാനത്തേക്ക് ഗഡ്കരി, സുഷമയും ജെയ്റ്റലിയും സര്‍ക്കാരില്‍ ചേരില്ല

പ്രതിരോധം, അഭ്യന്തരം,ധനകാര്യം, വിദേശകാര്യം എന്നീ ഗ്ലാമര്‍ വകുപ്പുകളില്‍ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അനാരോഗ്യം കാരണം അരുണ്‍ ജെയ്റ്റലിയും, സുഷമാ സ്വരാജും മന്ത്രിസഭയിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

second modi ministry
Author
Delhi, First Published May 25, 2019, 12:47 PM IST

ദില്ലി: നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കാൻ എൻ.ഡി.എ എം.പിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമ്മയുടെ അനുഗ്രഹം വാങ്ങാൻ നാളെ അഹമ്മാദബാദിലേക്ക് പോകുമെന്ന്  മോദി അറിയിച്ചു. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത്ഷാ പുതിയ മന്ത്രിസഭയിൽ ചേരുമെന്ന സൂചനകൾ ശക്തമായിട്ടുണ്ട്. 

പാര്‍ലമെന്‍റിന്‍റെ പടവുകളിൽ തലതൊട്ട് വന്ദിച്ച് 2014ൽ എത്തിയ നരേന്ദ്ര മോദിയല്ല, അതിനപ്പുറം കൂടുതൽ കരുത്തുള്ള നേതാവാകുന്നു പ്രധാനമന്ത്രി പദത്തിലെ രണ്ടാം ഊഴത്തിൽ മോദി. വൈകീട്ട് അഞ്ച് മണിക്ക് പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണ് മോദിയെ നേതാവായി തെരഞ്ഞെടുക്കാൻ എൻ.ഡി.എ എം.പിമാരുടെ യോഗം. ലോക്സഭ എംപിമാർക്ക് പുറമെ രാജ്യസഭാംഗങ്ങളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. 

സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി നാളെ അഹമ്മദാബാദിൽ എത്തി അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങും. തിങ്കളാഴ്ച കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദര്‍ശനം. വാരാണസിയിലെ വോട്ടര്‍മാരെ നന്ദി അറിയിക്കും. അതിന് ശേഷമാകും സത്യപ്രതിജ്ഞ ചടങ്ങുകൾ. രണ്ടാം ഊഴത്തിലെ മോദി മന്ത്രിസഭയിൽ ആരൊക്കെ എന്ന ചര്‍ച്ചകൾ ദില്ലിയില്‍ സജീവമാണ്. അഭ്യന്തര മന്ത്രിയായി അമിത് ഷാ മന്ത്രിസഭയിലെത്തും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രതിരോധമന്ത്രിയായേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാണ്.

നിലവില്‍ അഭ്യന്തരമന്ത്രിസ്ഥാനം വഹിക്കുന്ന രാജ്നാഥ് സിംഗ്  അമിത്ഷാ വരുന്ന പക്ഷം മറ്റേതെങ്കിലുമൊരു പ്രധാന വകുപ്പിലേക്ക് മാറും. പ്രതിരോധം, അഭ്യന്തരം,ധനകാര്യം, വിദേശകാര്യം എന്നീ ഗ്ലാമര്‍ വകുപ്പുകളില്‍ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അനാരോഗ്യം കാരണം അരുണ്‍ ജെയ്റ്റലിയും, സുഷമാ സ്വരാജും മന്ത്രിസഭയിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിതിന്‍ ഗഡ്കരിയെ സുപ്രധാന പദവിയില്‍ നിയമിക്കണമെന്ന് ആര്‍എസ്എസ് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണ്‍ ജെയ്റ്റലി ഇല്ലെങ്കില്‍ പീയൂഷ് ഗോയല്‍ തന്നെയായിരിക്കും അടുത്ത ധനമന്ത്രി. 

രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, മനോജ് സിന്‍ഹ, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും താക്കോല്‍ സ്ഥാനങ്ങളിലെത്തും. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി താരമായി മാറിയ സ്മൃതി ഇറാനിയെ തേടി നിര്‍ണായക പദവി തന്നെ എത്തും എന്നാണ് വിവരം. അവര്‍ പ്രധാനപ്പെട്ട മന്ത്രാലയത്തില്‍ സ്മൃതി ഇറാനിയെത്തുമെന്നും അതല്ല സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി അവരെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബിജെപി വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒഡീഷയ്ക്കും ബംഗാളിനും മന്ത്രിസഭയില്‍ കാര്യമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ തുടരും എന്നാണ് പ്രതീക്ഷിക്കുന്നു. വി.മുരളീധരനോ സുരേഷ് ഗോപിയോ കൂടി മന്ത്രിസഭയില്‍ നേടുമോ എന്ന കാര്യം കണ്ടറിയണം. കൂടുതൽ പുതുമുഖങ്ങളെ കൊണ്ടുവന്ന് രണ്ടാം മന്ത്രിസഭയിൽ വലിയ മാറ്റത്തിന് മോദിയും അമിത്ഷായും ശ്രമിച്ചേക്കുമെന്ന സൂചനകളും ഉണ്ട്.

Follow Us:
Download App:
  • android
  • ios