ലഖ്‍നൗ: രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കേ, അസാധാരണമായ നടപടിയാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്നുണ്ടായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയെയും പ്രചാരണത്തിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ഇതോടെ രണ്ടാം ഘട്ടത്തിന്‍റെ കൊട്ടിക്കലാശ ദിവസം ഉത്തർപ്രദേശിൽ എട്ട് സീറ്റുകൾ പോളിംഗിന് പോകുന്നതിന് മുമ്പ് ഇരുവർക്കും പ്രചാരണത്തിനെത്താനാകില്ലെന്ന് ഉറപ്പായി. 

ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസവുമാണ് വിലക്ക് (48 മണിക്കൂർ). മായാവതിയ്ക്കാകും ഈ നീക്കം കൂടുതൽ തിരിച്ചടിയാകുക. മായാവതിയാണ് ബഹുജൻ സമാജ് പാർട്ടിയുടെ ഏക താര പ്രചാരക. യോഗിക്കും ബിജെപിക്കും ഈ നീക്കം തിരിച്ചടി തന്നെയാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മുഖ്യമന്ത്രിയെ പ്രചാരണത്തിൽ നിന്ന് വിലക്കുന്നത്. എട്ട് മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെത്തുക. നാഗിന, അംരോഹ, ബുലന്ദ്ഷെഹർ, അലിഗഢ്, ഹഥ്‍രസ്, മഥുര, ആഗ്ര, ഫത്തേപ്പൂർ സിക്രി. 

ആഗ്രയിൽ ചൊവ്വാഴ്ച ഒരു റാലിയിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു മായാവതി. യോഗി ആദിത്യനാഥാകട്ടെ നാഗിനയിലും ഫത്തേപ്പൂർ സിക്രിയിലും പ്രചാരണം നടത്താനിരിക്കുകയായിരുന്നു. ഏപ്രിൽ 18, 19 തീയതികളിൽ ഉത്തർപ്രദേശിന് പുറത്തായിരുന്നു ആദിത്യനാഥിന്‍റെ പ്രചാരണപരിപാടികൾ. ഇതിലും യു പി മുഖ്യമന്ത്രിക്ക് പങ്കെടുക്കാനാകില്ല. 

വർഗീയ - വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനാണ് ഇരുവർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മീററ്റിൽ നടന്ന റാലിയിൽ യോഗി എസ്‍പി - ബിഎസ്‍പി സഖ്യത്തെയും കടന്നാക്രമിച്ചത്. മുസ്ലിം ലീഗിനെ 'പച്ച വൈറസ്' എന്ന് വിളിച്ച വിവാദപ്രസംഗത്തിനിടെ ആദിത്യനാഥ് ബിഎസ്‍പിയോട് 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നാണ് പ്രസംഗിച്ചത്. 

ഇതേ പ്രസംഗത്തിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച 'പച്ച വൈറസ്' ആണെന്നും അത് എസ്‍പിയെയും, ബിഎസ്‍പിയെയും ബാധിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പ്രസംഗിച്ചിരുന്നു. വൈറസിനെ നിയന്ത്രിച്ചില്ലെങ്കിൽ അത് രാജ്യമൊട്ടാകെ പടരുമെന്നും അത് നിയന്ത്രിക്കണമെന്നും ആദിത്യനാഥ് പ്രസംഗിച്ചു. കോൺഗ്രസിനും മഹാ ഗഡ്ബന്ധൻ പാർട്ടികൾക്കും (മഹാസഖ്യത്തിലെ) ദേശസുരക്ഷയെക്കുറിച്ചും രാജ്യവികസനത്തെക്കുറിച്ചും ചിന്തയില്ലെന്നും അന്ന് ആദിത്യനാഥ് ആരോപിച്ചു. 

അതേസമയം, സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. 

ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതെന്ത്? 

തീർത്തും പ്രകോപനപരമായ പരാമർശങ്ങളാണ് ഇരു നേതാക്കളും പ്രചാരണപരിപാടികൾക്കിടെ നടത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണവും ശത്രുതയുമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇരു നേതാക്കളും നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നത് പ്രകടമാണ് - കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

ഇരു നേതാക്കളും പച്ച വൈറസ് എന്നും ബജ്‍രംഗ് ബലി - അലി പരാമർശങ്ങളും ധ്രുവീകരണപരാമർശങ്ങളും നടത്തിയതായി സമ്മതിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. മുതിർന്ന നേതാക്കളെന്ന നിലയിൽ വോട്ടർമാരെ ധ്രുവീകരിക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നായിരുന്നു. ഒരിടത്ത് പ്രസംഗിച്ചാൽ അവിടെ മാത്രം ഇവരുടെ വാക്കുകൾ നില നിൽക്കുന്നില്ല, ഡിജിറ്റൽ യുഗത്തിൽ ഇത്തരം വാക്കുകൾ കാട്ടു തീ പോലെ പടരും - കമ്മീഷൻ നിരീക്ഷിക്കുന്നു. 

ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തിയതിന് മുതിർന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത്. ബിജെപി പ്രസിഡന്‍റ് അമിത് ഷാ, എസ്‍പി നേതാവ് അസംഖാൻ എന്നിവരെ 2014-ൽ ഉത്തർപ്രദേശിൽ പൊതുയോഗങ്ങളോ, റാലികളോ, റോഡ് ഷോകളോ നടത്തുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചാൽ ഇരു നേതാക്കൾക്കും നേരെ ക്രിമിനൽ ചട്ടം ഉപയോഗിച്ച് നടപടിയെടുക്കണമെന്നും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. 

മുസഫർ നഗർ കലാപത്തിനുള്ള പക പോക്കാൻ ഹിന്ദുക്കൾ ഒന്നിച്ച് വോട്ട് ചെയ്യണമെന്ന് പ്രസംഗിച്ചതിനാണ് അമിത് ഷായ്ക്കെതിരെ അന്ന് നടപടി വന്നത്. 1999-ലെ കാർഗിൽ യുദ്ധകാലത്ത് മുസ്ലിം ജവാൻമാരാണ് പാക് സൈന്യത്തെ തോൽപിച്ചതെന്ന പ്രസ്താവനയുടെ പേരിലും അന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയതിനുമായിരുന്നു അസംഖാനെതിരെ നടപടിയെടുത്തത്.