ആലപ്പുഴ: സംസ്ഥാനത്ത് മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടും, ഒരു മണ്ഡലത്തിൽ താൻ മാത്രം തോറ്റത് വ്യക്തിപരമായ തോൽവിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യുഡിഎഫ് മുന്നിട്ടു നിന്നിട്ടും, രണ്ടെണ്ണത്തിൽ പിറകോട്ട് പോയതാണ് ഷാനിമോളുടെ പരാജയത്തിന് കാരണമായത്. ഷാനിമോളെ തറ പറ്റിക്കാൻ ചേർത്തല, അരൂർ മണ്ഡലങ്ങളിൽ നിന്ന് കിട്ടിയ വോട്ടുകളാണ് ആരിഫിന് സഹായകമായത്.

9,213‬ വോട്ടുകളുടെ ഭൂരിപക്ഷമാണ് എ എം ആരിഫിന് കിട്ടിയത്. ആരിഫിന് കിട്ടിയ വോട്ട് വിഹിതം 40.96 ശതമാനം. ഷാനിമോൾക്ക് കിട്ടിയതാകട്ടെ, 40 ശതമാനം വോട്ടുകളും. വെറും .96 ശതമാനം വോട്ടുകളുടെ നേട്ടം ആരിഫ് സ്വന്തമാക്കിയത് ചേർത്തല, അരൂർ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിൽപ്പോയതുകൊണ്ടാണ്. ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ ഷാനിമോൾക്ക് തന്നെയാണ് ഭൂരിപക്ഷം. ചേർത്തലയിൽ കെ സി വേണുഗോപാലിന് കിട്ടിയ വോട്ടുകളിൽ, ബൂത്ത് തലത്തിൽത്തന്നെ ഒറ്റയടിക്ക് അഞ്ഞൂറ് വോട്ടുകളുടെ വരെ കുറവുണ്ടായിട്ടുണ്ട്. ഇത് ഷാനിമോൾക്ക് തിരിച്ചടിയായി. 

കെ സി വേണുഗോപാൽ ദേശീയ തലത്തിലെ തിരക്കുകൾ മാറ്റി വച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയെന്നും, എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നുമാണ് ഷാനിമോളുടെ പ്രതികരണം. പ്രവർത്തനത്തിൽ ഒരു പിഴവും വന്നതായി തനിക്ക് കാണാൻ കഴിയുന്നില്ല. വൈകി വന്നിട്ടും ഇത്ര വോട്ട് നേടാൻ കഴിഞ്ഞത് പ്രവർത്തനം കൊണ്ടാണെന്നും ഷാനിമോൾ പറഞ്ഞു.

അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ സ്ഥാനാർത്ഥിയായി വരുമോ? താൻ അന്നന്നത്തെ അധ്വാനഫലം വീട്ടിൽക്കൊണ്ടുപോകുന്ന സാധാരണ തൊഴിലാളിവർഗത്തിന്‍റെ പ്രതിനിധിയാണെന്നാണ് ഷാനിമോൾ പറയുന്നത്. ഇനിയുള്ള സ്ഥാനാർത്ഥിത്വമെല്ലാം പാർട്ടി തീരുമാനിക്കട്ടെ - ഷാനിമോൾ പറയുന്നു.