അമിത ഭാരം മൂലം തുലാഭാര ത്രാസിന്‍റെ കൊളുത്ത് അടർന്ന് മാറുകായിരുന്നെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്. 

തിരുവനന്തപുരം: തുലാഭാരത്തിനിടെ ശശിതരൂരിൻറെ തലയിൽ ത്രാസ് പൊട്ടിവീണതിന് പിന്നിൽ അട്ടിമറിയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി പരാതി നൽകിയ കോൺഗ്രസ് ജില്ലാ നേതൃത്വവും ആരോപണത്തിൽ നിന്ന് പിൻമാറി. തുലാഭാര ത്രാസ് പൊട്ടി വീണ സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പരാതി നൽകിയിരുന്നത്. 

ഗാന്ധാരി അമ്മൻകോവിലിൽ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണാണ് ശശി തരൂരിന് പരിക്കേറ്റത്. ഇതിൽ ഒരു അട്ടിമറിയും ഇല്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഗൂഢാലോചന വാദം പൂര്‍ണ്ണമായും പൊലീസ് തള്ളുകയാണ്. അമിത ഭാരം മൂലം ത്രാസിന്‍റെ കൊളുത്ത് അടർന്ന് മാറുകായിരുന്നെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്. അടുത്ത ദിവസങ്ങളിലൊന്നും ത്രാസിന്‍റെ കൊളുത്ത് മാറ്റുകയോ, മറ്റ് അറ്റപ്പണികൾ എന്തെങ്കിലും നടത്തുകയോ ചെയ്തിട്ടില്ലെന്ന് സിസി‍ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി ശശി തരൂരിന്‍റെ മൊഴി രേഖപ്പെടുത്തും.ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഡിസിസി നേതൃത്വവും പരാതിയിൽ നിന്ന് പിൻമാറുകയാണ്. അമിത ഭാരം കൊണ്ടാണ് അപകടമുണ്ടായതെന്ന വിശദീകരണം തൃപ്തികരമാണെന്ന് ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also read: ത്രാസ് പൊട്ടിയുള്ള അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് തരൂര്‍

ഇനി വിവാദങ്ങൾക്കോ പരസ്യപ്രതികരണത്തിനോ ഇല്ലെന്നും ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. അതിനിടെ ശശി തൂരിരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു. മന്ത്രി സന്ദർശനം ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായിക്കൊണ്ടിരിക്കുന്ന മാന്യതയുടെ പ്രതീകമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.