ഒരു പ്രത്യേക സമുദായത്തിനെതിരെ ആസൂത്രിതമായ ആള്‍ക്കൂട്ട ആക്രമണം നടത്തിയ ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി എന്നാണ്‌ സിര്‍സയുടെ ആരോപണം.

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ പിന്തുണയുമായി ശിരോമണി അകാലിദള്‍. അഴിമതിക്കാരന്‍ മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു രാജീവ്‌ എന്നാണ്‌ അകാലിദള്‍ വക്താവ്‌ മഞ്‌ജീന്ദര്‍ സിങ്‌ സിര്‍സ ആരോപിച്ചത്‌.

ഒരു പ്രത്യേക സമുദായത്തിനെതിരെ ആസൂത്രിതമായ ആള്‍ക്കൂട്ട ആക്രമണം നടത്തിയ ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി എന്നാണ്‌ സിര്‍സയുടെ ആരോപണം. 'രാജീവ്‌ ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ്‌ എന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്‌ ശരിയാണ്‌. മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമകാരി കൂടിയായിരുന്നു അദ്ദേഹം'. പ്രസ്‌താവനയില്‍ സിര്‍സ പറഞ്ഞു.

സിഖുകാര്‍ക്ക്‌ നേരെ നടന്ന കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുകയും അവര്‍ക്ക്‌ പാരിതോഷികം നല്‍കുകയും ചെയ്യുന്ന നടപടിയാണ്‌ രാജീവ്‌ ഗാന്ധി സ്വീകരിച്ചതെന്ന്‌ സിര്‍സ ആരോപിച്ചു. സിഖുകാര്‍ക്കെതിരായ കൂട്ടക്കൊലയില്‍ തന്റെ പാര്‍ട്ടി തെറ്റ്‌ ചെയ്‌തെന്ന്‌ സമ്മതിക്കാനും 1984ലെ കലാപങ്ങളില്‍ ഇരയായവരോടും അവരുടെ കുടുംബങ്ങളോടും സഹതാപം പ്രകടിപ്പിക്കാനും തയ്യാറാകാത്തതെന്ത്‌ കൊണ്ടാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്നും ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു.