ഹിംസയുടെയും യുദ്ധത്തിന്‍റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ട്. ഇതെല്ലാം ആഖ്യാനം ചെയ്ത ശേഷം ആര്‍എസ്എസ് പ്രചാകരകന്മാര്‍ ഹിന്ദുക്കള്‍ക്ക് അക്രമകാരികളാകാന്‍ സാധിക്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും യച്ചൂരി ചോദിച്ചു

ദില്ലി: ഒരു മതം മാത്രം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാകില്ലെന്നും പറയുന്ന ആര്‍എസ്എസ് പ്രചാരകര്‍ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണ്.

ഹിംസയുടെയും യുദ്ധത്തിന്‍റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ട്. ഇതെല്ലാം ആഖ്യാനം ചെയ്ത ശേഷം ആര്‍എസ്എസ് പ്രചാകരകന്മാര്‍ ഹിന്ദുക്കള്‍ക്ക് അക്രമകാരികളാകാന്‍ സാധിക്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും യച്ചൂരി ചോദിച്ചു.

ഭോപ്പാലില്‍ ഒരു ചടങ്ങിലാണ് അദ്ദേഹത്തിന്‍റെ പരാമാര്‍ശങ്ങള്‍. ഗോവധത്തിന്‍റെ പേരില്‍ ആര്‍എസ്എസ് ഒരു സ്വകാര്യസേനയെ തന്നെ രൂപീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സഖ്യങ്ങള്‍ നരേന്ദ്ര മോദിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഭോപ്പാലിലെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായ ദിഗ്‍വിജയ് സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് പൊതു തെരഞ്ഞെടുപ്പല്ലെന്നും ഭരണഘടനയെ ഒരു കോട്ടവും കൂടാതെ കാക്കാനുള്ള പോരാട്ടമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.