രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകണമോ വേണ്ടയോ എന്ന് പറയേണ്ടത് സിപിഎം അല്ലെന്ന് യെച്ചൂരി. സിപിഎമ്മിന് 2014നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് തടസം നില്‍ക്കുന്നത് സിപിഎമ്മാണെന്ന ആരോപണം നിഷേധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി എമ്മിന് 2014നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നും സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

വയനാട്ടില്‍ ആര് എവിടെ മത്സരിക്കണമെന്നത് ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യമാണ്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകണമോ വേണ്ടയോ എന്ന് പറയേണ്ടത് സിപിഎം അല്ലെന്നും യെച്ചൂരി പറഞ്ഞു. സി പി എമ്മിന്‍റെ ലക്ഷ്യം മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ ഇടത് പാര്‍ട്ടികള്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് തടയാന്‍ ദില്ലിയില്‍ ചിലര്‍ നാടകം കളിക്കുന്നു എന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. 

Also Read:രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങളുടെ നാടകമെന്ന് മുല്ലപ്പള്ളി