Asianet News MalayalamAsianet News Malayalam

ശോഭാ സുരേന്ദ്രൻ ഇരട്ടിയിലധികം വോട്ട് പിടിച്ചു; നാലാമൂഴത്തിൽ സമ്പത്തിന് അടിതെറ്റി

20000 വോട്ടിന്‍റെ ലീഡ് പ്രതീക്ഷിച്ച ശക്തി കേന്ദ്രങ്ങളിൽ പോലും ഇടത് മുന്നണിക്ക് കാലിടറി. നിര്‍ണ്ണായകമായത് ശബരിമല വികാരവും ന്യൂനപക്ഷ വോട്ടും

sitting mp a sambath defeated in aattingal
Author
Trivandrum, First Published May 23, 2019, 7:30 PM IST

തിരുവനന്തപുരം: ഇടത് ശക്തി കേന്ദ്രമായ ആറ്റിങ്ങലിൽ ഇടത് മുന്നണിക്കേറ്റത് അപ്രതീക്ഷിത തിരിച്ചടി. വിജയം ഉറപ്പിച്ച് നാലാം ഊഴത്തിനിറങ്ങിയ സിറ്റിംഗ് എംപി എ സമ്പത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് തറപറ്റിച്ചു. ഒരു തെരഞ്ഞെടുപ്പിലും തോൽക്കാത്ത അടൂര്‍പ്രകാശ് ആറ്റിങ്ങലിലും ചരിത്രമാവര്‍ത്തിച്ചു. 

ആറ്റിങ്ങലും ചിറയിൻകീഴും വര്‍ക്കലയും അടക്കം ഇടത് ശക്തി കേന്ദ്രങ്ങളിൽ 20000 വോട്ടിനെങ്കിലും സമ്പത്ത് ലീഡ് ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടൽ . എന്നാൽ ഈ മണ്ഡലങ്ങളിൽ വരെ എൽഡിഎഫ് പുറകിൽ പോകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.  

മണ്ഡലത്തിൽ നിര്‍ണ്ണായകമായ അറുപത് ശതമാനം വരുന്ന എസ്എൻഡിപി വോട്ടുകൾ തന്നെയാണ് അടൂര്‍ പ്രകാശിന്‍റെ വിജയത്തിൽ നിര്‍ണ്ണായകമായതെന്നാണ് കണക്ക് കൂട്ടൽ. കോൺഗ്രസിന്‍റെ താഴെ തട്ടിൽ വരെ സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകാര്യതയും തെരഞ്ഞെടുപ്പ് നയിച്ചുള്ള മുൻപരിചയവും എല്ലാം ആയപ്പോൾ അപ്രതീക്ഷിത വിജയത്തിലേക്ക് എത്തി. 

ശബരിമല അടക്കം സജീവ ചര്‍ച്ചയായിരുന്ന ആറ്റിങ്ങലിൽ സര്‍ക്കാര്‍ നിലപാടും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ആറ്റിങ്ങൽ മണ്ഡലത്തിൽ നേടിയത്  90528 വോട്ടായിരുന്നെങ്കിൽ ആറ്റിങ്ങലിലെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയ ശോഭാ സുരേന്ദ്രൻ പിടിച്ചത് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടാണ്. 

ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്തും ബിജപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസമാകട്ടെ ഇത്തവണ ഒരു ലക്ഷം വോട്ട് മാത്രമാണെന്നതും ശ്രദ്ധേയമാണ്. 

 

Follow Us:
Download App:
  • android
  • ios