കൊൽക്കത്ത: ബം​ഗാളിൽ പതിനഞ്ച് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന തീരുമാനിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ ഭാ​ഗമായിട്ടാണ് ശിവസേന നിലകൊള്ളുന്നത്. പതിനൊന്ന് സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതായി പാർട്ടി നേതാക്കൾ അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബാക്കി നാല് സീറ്റുകളിലേക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. 

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തൃണമൂൽ കോൺ​ഗ്രസിനെ നേരിടാൻ സാധിക്കില്ലെന്നും അതിനാലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് സർക്കാർ വ്യക്തമാക്കി. തൃണമൂൽ കോൺ​ഗ്രസിൽ നിന്നും എംപിമാരും എംഎൽഎമാരും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബിജെപിയിൽ ചേർന്നിരുന്നു. തൃണമൂൽ കോൺ​ഗ്രസിന്റെ ഭാ​ഗമായി ബം​ഗാളിലെ ബിജെപി മാറിയെന്നാണ് ശിവസേനയുടെ ആരോപണം. 

താംലുക്, കോണ്ടെയ്, മിഡ്നാപൂർ, നോർത്ത് കൊൽ‌ക്കത്ത, പുരുലിയ, ബാരക്പോർ, ബങ്കുര, ബിഷ്ണുപൂർ, നോർത്ത് മാൽഡ, ജാധവ്പൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിച്ചിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ആദ്യമായിട്ടാണ് ശിവസേന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.