Asianet News MalayalamAsianet News Malayalam

മോദിയുടെ സത്യപ്രതിജ്ഞ: ജഗന്‍ മോഹന്‍ റെഡ്ഢി അടക്കം ആറ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ചത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍... തുടങ്ങി ആറ് മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല

six chief ministers will not attend modi s oath ceremony
Author
Delhi, First Published May 30, 2019, 3:36 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പങ്കെടുക്കില്ല. ഇന്ന് രാവിലെയാണ് ജഗന്‍മോഹന്‍ റെഡ്ഢി ആന്ധ്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ചടങ്ങില്‍നിന്ന് വിട്ട് നില്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ എണ്ണം ആറായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ചത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഡ്നായിക് എന്നിവരാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാത്ത മറ്റ് മുഖ്യമന്ത്രിമാര്‍. 

കൂടാതെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ടിഡിപി അധ്യക്ഷന്‍  ചന്ദ്രബാബു നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുക്കില്ല.  എന്നാല്‍ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അതേസമയം തമിഴ്നാട്ടില്‍നിന്നുള്ള ഡിഎംകെ എംപിമാർ ഒന്നടങ്കം ചടങ്ങ് ബഹിഷ്കരിക്കും. ചടങ്ങിലേക്ക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡിഎംകെ എറ്റവും വലിയ മൂന്നാം കക്ഷിയായിട്ടും പാർട്ടി അധ്യക്ഷനെ ക്ഷണിക്കാത്തത് തമിഴ്നാടിനെ തഴയുന്നതിന് സമാനമെന്ന്  വ്യക്തമാക്കിയാണ് നേതാക്കളുടെ ബഹിഷ്കരണം. 

തമിഴ് നാട്ടില്‍ നിന്നുളള എല്ലാ എംപിമാര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നിരിക്കെയാണ് സ്റ്റാലിന് അവഗണന. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പ്രതിപക്ഷനിരയില്‍ പോരാട്ടം നയിച്ചവരില്‍ പ്രധാനിയാണ് സ്റ്റാലിന്‍. തമിഴ്നാടിനെ അവഗണിക്കുന്ന നടപടിയാണിതെന്ന് സ്റ്റാലിന്‍ പ്രതികരിച്ചതായി ഡിഎംകെയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടി തമിഴ് നാട്ടില്‍ മിന്നുന്ന പ്രകടനമാണ് ഡിഎംകെ നടത്തിയത്. ലോക്സഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിയും ഡിഎംകെയാണ്. 

നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മമത ബാനര്‍ജി പിന്നീട് പിന്മാറുകയായിരുന്നു. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം. ''പശ്ചിമബംഗാളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. വ്യക്തി വിരോധമോ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കോ, മറ്റ് സംഘർഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല. അതുകൊണ്ടു തന്നെ ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല'' എന്ന് കാണിച്ച് മമത മോദിക്ക് കത്തെഴുതിയിരുന്നു. അതേസമയം മമത ബാനർജി ബിജെപിക്കെതിരെ കൊൽക്കത്തയിൽ ഇന്ന് ധർണ്ണ തുടങ്ങും. 

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്  9 രാഷ്ട്രത്തലവന്‍മാരെയടക്കം 6000 പേര്‍ക്കാണ് ക്ഷണമുള്ളത്. വൈകിട്ട് ആറരയോടെ തുടങ്ങുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച് ചടങ്ങിൽ പങ്കെടുക്കും. 

ബിംസ്റ്റെക് രാജ്യങ്ങൾക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് എന്നിവർ ചടങ്ങിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവന്‍റെ മുന്നിലെ വിശാലമായ മുറ്റത്താകും ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കുക. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താറ്. പക്ഷേ ഇത്തവണ എത്തുന്ന അതിഥികളുടെ എണ്ണം അടക്കം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവന്‍റെ മുൻഭാഗത്തേക്ക് മാറ്റിയത്. 6500-ലധികം പേർ ചടങ്ങിനെത്തുമെന്നാണ് കണക്കുകൂട്ടൽ. 2014-ൽ ഏതാണ്ട് അയ്യായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. 
 

Follow Us:
Download App:
  • android
  • ios