ദില്ലി: ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കൊടി നാട്ടിയതോടെ ബിജെപിയില്‍ തന്നെ ജൈന്‍റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍  ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്. 

2014 ൽ ഒരു ലക്ഷം വോട്ടിന് രാഹുലിനോട് തോറ്റെങ്കിലും സ്മൃതി ഇറാനി തളര്‍ന്നില്ല. പകരം കേന്ദ്രമന്ത്രിയായ സ്മൃതി തുടര്‍ച്ചയായി അമേഠിയിലെത്തി.  മണ്ഡലത്തിന്‍റെ ജനപ്രതിനിധി താനാണെന്ന് തോന്നിപ്പിക്കും വിധം അമേഠിയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. മണ്ഡലത്തിന്‍റെ വികസനമില്ലായ്മ ചര്‍ച്ചയാക്കി. ഒത്ത എതിരാളിയെന്ന പ്രതീതി സൃഷ്ടിച്ച് അമേഠിയിലും പുറത്തും രാഹുൽ ഗാന്ധിയെ സ്മൃതി  നിരന്തരം കടന്നാക്രമിച്ചു. 

അമേഠിക്ക് പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തോറ്റോടുകയാണെന്ന് പരിഹസിച്ചും തന്‍റെ മുന്നില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ ഒളിച്ചോടുകയാണെന്ന് ആരോപിച്ചും രാഹുലിനെ ആക്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ സ്മൃതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുക കൂടിയാണ്.  നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് സ്മൃതി അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത്. 

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വികസന വിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേഠിയിലെത്തിയിരുന്നു. സ്മൃതിയുടെ പ്രചാരണ കൊട്ടിക്കലാശത്തിന് അമിത് ഷായും എത്തി. യോഗി ആദിത്യനാഥിന്‍റെ കയ്യിലുള്ള യുപിയില്‍ പ്രത്യേക പ്രചാരണ പരിപാടികളാണ് അവര്‍ നടപ്പിലാക്കിയത്.  ഇതോടെ എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയുണ്ടായിട്ടും തട്ടകം കാക്കാൻ രാഹുലിനായില്ല . വോട്ടെണ്ണലിന്‍റെ ഒന്നോ രണ്ടോ റൗണ്ടിലൊഴിക  മുഴുവൻ സമയവും ലീഡ് നിലനിർത്തിയത് സ്മൃതിയാണ്. 

മുമ്പ് ജനതാതരംഗം അലയടിച്ചപ്പോള്‍ അമേഠി സഞ്ജയ് ഗാന്ധിയെ കൈവിട്ടുണ്ട്. ഇത്തവണ മോദി സുനാമിയിൽ രാഹുലിനെയും മണ്ഡലം കൈവിട്ടു. ജയിക്കുന്നതാകട്ടെ എതിരാളിയല്ലെന്ന് മട്ടിൽ കോണ്‍ഗ്രസ് എഴുതി തള്ളിയ സ്മൃതി ഇറാനിയോടാണെന്നതും വയനാട്ടില്‍ നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചിട്ടും രാഹുലിന്‍റെ അമേഠിയിലെ പരാജയം കോണ്‍ഗ്രസിനെ കൂടുതല്‍  ആഴത്തില്‍ മുറിപ്പെടുത്തുന്നുണ്ട്.