Asianet News MalayalamAsianet News Malayalam

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ ടോം വടക്കനില്ല: ശ്രീധരന്‍പിള്ള

ബിജെപി കേരളാ ഘടകം നൽകിയ സ്ഥാനാര്‍ത്ഥി പട്ടികയിൽ ടോം വടക്കൻ ഇല്ലെന്ന് ശ്രീധരൻപിള്ള.

sreedharan pillai about tom vadakkan s candidature
Author
Delhi, First Published Mar 16, 2019, 11:02 AM IST

ദില്ലി: കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ച മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍റെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളാ ഘടകം നൽകിയ പട്ടികയിൽ ടോം വടക്കൻ ഇല്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

വടക്കൻ മൽസരിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ ടോം വടക്കന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 

അതേസമയം താന്‍ മത്സരിക്കുന്നത് സംബന്ധിച്ച് നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ആര് മത്സരിക്കണമെന്നത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നാണ് പിള്ള പറയുന്നത്. എന്നാൽ വിജയസാധ്യതയുള്ള പത്തനംതിട്ട സീറ്റ് ശ്രീധരൻപിള്ള ഉന്നം വയ്ക്കുന്നുണ്ടെന്നത് വ്യക്തമാണ്. തൃശ്ശൂർ സീറ്റാകട്ടെ തുഷാർ വെള്ളാപ്പള്ളിക്ക് കൊടുക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍റെ താത്പര്യം. എന്നാൽ ഈ സീറ്റ് ലക്ഷ്യമിട്ടാണ് കെ സുരേന്ദ്രന്‍റെ നീക്കം. 

പാലക്കാട് ശോഭാ സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി. കൃഷ്ണകുമാറിനെയാണ് മുരളീധര വിഭാഗത്തിന് താല്‍പര്യം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യങ്ങളില്‍ എന്ത് നിലപാടെടുക്കുന്നു എന്നത് നിര്‍ണായകമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ നടക്കാനിരിക്കെയാണ് ശ്രീധരൻപിള്ള നിലപാട് വ്യക്തമാക്കുന്നത്. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.

അതേ സമയം ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. ദില്ലിയിൽ ചേരുന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. ആദ്യ ഘട്ടങ്ങളിലെ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പട്ടികയിലുണ്ടാകും. മോദി വാരാണസിയിലാകും മത്സരിക്കുക. അതേസമയം ഭരണവിരുദ്ധ വികാരം ഒഴിവാക്കാനായി, ചില സിറ്റിംഗ് എംപിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios