ചെന്നൈ: നരേന്ദ്രമോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാർ ബഹിഷ്കരിക്കും. ചടങ്ങിലേക്ക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡിഎംകെ എറ്റവും വലിയ മൂന്നാം കക്ഷിയായിട്ടും പാർട്ടി അധ്യക്ഷനെ ക്ഷണിക്കാത്തത് തമിഴ്നാടിനെ തഴയുന്നതിന് സമാനമെന്ന്  നേതാക്കൾ വ്യക്തമാക്കി. 

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്  9 രാഷ്ട്രത്തലവന്‍മാരെയടക്കം 6000 പേര്‍ക്കാണ് ക്ഷണമുള്ളത്. തമിഴ് നാട്ടില്‍ നിന്നുളള എല്ലാ എംപിമാര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നിരിക്കെയാണ് സ്റ്റാലിന് അവഗണന. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡിഎംകെയുടെ എംപിമാര്‍ക്കും ക്ഷണമുണ്ട്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പ്രതിപക്ഷനിരയില്‍ പോരാട്ടം നയിച്ചവരില്‍ പ്രധാനിയാണ് സ്റ്റാലിന്‍.

തമിഴ്നാടിനെ അവഗണിക്കുന്ന നടപടിയാണിതെന്ന് സ്റ്റാലിന്‍ പ്രതികരിച്ചതായി ഡിഎംകെയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടി തമിഴ് നാട്ടില്‍ മിന്നുന്ന പ്രകടനമാണ് ഡിഎംകെ നടത്തിയത്. ലോക്സഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിയും ഡിഎംകെയാണ്.