ദിയോബന്ദിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മായാവതിയുടെ വിവാദ പ്രസംഗം. 'കോൺഗ്രസിനും ബിഎസ്പി സഖ്യത്തിനും നടുവിൽ മുസ്ലീം വോട്ടുകൾ ഭിന്നിക്കരുതെന്നായിരുന്നു മായാവതിയുടെ മുന്നറിയിപ്പ്.'
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തിൽ പ്രസംഗിച്ച ബിഎസ് പി അധ്യക്ഷ മായാവതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിയിൽ തൃപ്തിയെന്ന് സുപ്രീം കോടതി. നാൽപത്തിയെട്ട് മണിക്കൂർ പ്രചാരണം നിർത്തി വെക്കണം എന്നായിരുന്നു മായാവതി നേരിട്ട അച്ചടക്ക നടപടി. ഇതിനെതിരെ മായാവതി നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. പല അവസരങ്ങളിൽ പ്രചാരണത്തിൽ നിന്നും രാഷ്ട്രീയ നേതാക്കളെ വിലക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.
ദിയോബന്ദിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മായാവതിയുടെ വിവാദ പ്രസംഗം. 'കോൺഗ്രസിനും ബിഎസ്പി സഖ്യത്തിനും നടുവിൽ മുസ്ലീം വോട്ടുകൾ ഭിന്നിക്കരുതെന്നായിരുന്നു മായാവതിയുടെ മുന്നറിയിപ്പ്.' മതവികാരത്തെ മുൻനിർത്തി വോട്ട് തേടുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയിൽ പെടുന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനാർത്ഥികൾ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും അറിയിപ്പ് പുറത്തിറക്കാറുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ടിരുന്നു. മൂന്ന് ദിവസത്തേയ്ക്കാണ് യോഗിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കിയത്. കോൺഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയും അലിയിലാണ് വിശ്വസിക്കുന്നതെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രംഗ് ബാലിയിലാണ് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം. അലി മുസ്ലീം സമുദായത്തിലെ മുഹമ്മദ് നബിയുടെ പിൻഗാമിയാണ്. ഹനുമാന്റെ മറ്റൊരു പേരാണ് ബംജ്രംഗ് ബാലി. സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ, കേന്ദ്രമന്ത്രി മനേക ഗാന്ധി എന്നിവര്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്ക് നേരിട്ടിരുന്നു.
