തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു
ദില്ലി: പിഎം നരേന്ദ്ര മോദി സിനിമക്കെതിരെയുള്ള കേസ് അടിയന്തരമായി കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റിയിരുന്നു. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചത്തെ റിലീസ് തീയതി മാറ്റി ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടടുത്ത ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 11 ന് ആരംഭിക്കും.
ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്ന് കമ്മീഷന് കോടതിയെ അറിയിച്ചു.‘ഒരു സിനിമയുടെ റിലീസ് തിയതി സംബന്ധിച്ച് തങ്ങള്‍ക്കൊന്നും ചെയ്യാനില്ല’ എന്നാണ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചത്.
സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ‘പിഎം നരേന്ദ്ര മോദി’ ജനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും റിലീസ് ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി.
ചിത്രത്തിൽ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീർത്തിച്ചുകൊണ്ടുള്ള രംഗങ്ങളുണ്ടെന്നും ചിത്രം പ്രദർശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദര്ശന് കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്ജന് ശ്രീവാസ്തവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
