''മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ എനിക്ക് പറയാനുള്ളത് മോദിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തന മികവ്'' - സുരേഷ് ഗോപി.

തിരുവനന്തപുരം: തനിക്ക് തൃശൂര്‍ മണ്ഡലത്തില്‍ പ്രധാനമന്ത്രിയുടെ ഇത്ര നാളത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുക എന്ന ജോലി മാത്രമേ ഉള്ളൂ എന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ''മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ എനിക്ക് പറയാനുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ നാല് വര്‍ഷവും ചില്വാനം ദിവസങ്ങളും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുക എന്ന ജോലി മാത്രമാണ്''- സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരു നടന്‍, അവതാരകന്‍ എന്ന നിലയില്‍ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണെന്നാണ് കരുതുന്നത്. നടനായും അവതാരകനായും ഇന്നലെയും മിനി‌ഞ്ഞാന്നും ഞാന്‍ അവരുടെ വീട്ടില്‍ ചെന്നിട്ടുണ്ടാകാം. അതൊരു കുറവാകില്ലെന്നാണ് വിശ്വാസം. ഇനി എന്തെങ്കിലും കുറവുണ്ടെങ്കില്‍ തന്നെ ദേശീയ നേതാക്കളായ അരുണ്‍ ജയ്റ്റ്ലി, അമിത് ഷാ, പ്രധാനമന്ത്രി എന്നിവരും തൃശൂരിലെത്തുന്നുണ്ട്. അതോടെ അവ പരിഹരിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

എതിര്‍സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചോദിച്ചപ്പോള്‍ എതിരാളികളില്ല, മറ്റൊരു സ്ഥാനാര്‍ത്ഥി എന്ന രാഷ്ട്രീയമാണ് തന്‍റേതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ജയിക്കാനാണ് മത്സരിക്കുന്നത്. 15 ദിവസം പ്രചാരണത്തിന് കിട്ടിയില്ല. എന്നാല്‍ വരുന്ന ദിവസങ്ങള്‍കൊണ്ട് അത് പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.