Asianet News MalayalamAsianet News Malayalam

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപിയുടേത് ചട്ടലംഘനം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സുരേഷ് ഗോപിയുടേത് പെരുമാറ്റച്ചട്ടലംഘനം തന്നെയാണ്. കളക്ടർക്ക് ജോലി നന്നായി ചെയ്യാനറിയാം. നോട്ടീസയച്ച കളക്ടർക്കെതിരെ സംസാരിച്ചതും കുറ്റകരമാണ് - ടിക്കാറാം മീണ.

suresh gopi violated model code of conduct tikaram meena
Author
Thiruvananthapuram, First Published Apr 7, 2019, 11:42 AM IST

തിരുവനന്തപുരം: അയ്യപ്പനാമത്തിൽ വോട്ട് തേടിയ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനെതിരെ കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്‍റെയും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടുന്നത് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തിൽ പറഞ്ഞിട്ടുണ്ട്'', ടിക്കാറാം മീണ വ്യക്തമാക്കി.

ഇപ്പോൾ തനിക്ക് വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കളക്ടർ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടർ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടർ വേണ്ട നടപടിയെടുക്കും - ടിക്കാറാം മീണ പറഞ്ഞു. 

''കളക്ടർമാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാർട്ടികൾക്കില്ല. കളക്ടർമാർക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം'', മീണ പറയുന്നു. മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാർട്ടികൾ തന്നെ ചർച്ച ചെയ്താണ് ഉണ്ടാക്കിയത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അടിച്ചേൽപിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ ഒക്കെ പേരിൽ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ്. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. 

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. 

സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെയായിരുന്നു:

''ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. (പശ്ചാത്തലത്തിൽ ശരണം വിളികൾ) എന്‍റെ അയ്യപ്പൻ, എന്‍റെ അയ്യൻ.. നമ്മുടെ അയ്യൻ ... ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി ഈ കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽ മുഴുവൻ ആ വികാരം അയ്യന്‍റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുണ്ടാകില്ല.''

പ്രത്യക്ഷത്തിൽത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനമായിരുന്നു ബിജെപി ഉന്നയിച്ചത്. കളക്ടർക്ക് വിവരക്കേടാണെന്നും വനിതാ മതിലിലടക്കം പങ്കെടുത്ത കളക്ടർക്ക് സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണെന്നും ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ഈ സാഹചര്യത്തിൽക്കൂടിയാണ് കളക്ടറെ ചട്ടം പഠിപ്പിക്കേണ്ടതില്ലെന്ന മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ രംഗത്ത് വന്നിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios