വീഡിയോയ്‌ക്ക് പിന്നില്‍ തന്നോടുള്ള വ്യക്തിവൈരാഗ്യമാണുള്ളതെന്നും തേജ് ബഹാദൂര്‍ പറഞ്ഞു. വീഡിയോയിലുള്ള പൊലീസ് കോണ്‍സ്‌റ്റബിള്‍ ആവശ്യപ്പെട്ട പണം താന്‍ നല്‍കാഞ്ഞതിലുള്ള വൈരാഗ്യമാണ് വ്യാജവീഡിയോ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നിലുള്ളത്.
ദില്ലി: അമ്പത് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രിയെ കൊല്ലാമെന്ന് താന്‍ പറയുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് പുറത്താക്കപ്പെട്ട ബിഎസ്‌എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ്. വീഡിയോ ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയാണ്. പക്ഷേ, സംഭാഷണം വ്യാജമായി തയ്യാറാക്കിയതാണെന്നും തേജ് ബഹാദൂര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് മാധ്യമങ്ങളിലൂടെ വിവാദ വീഡിയോ പുറത്തുവന്നത്. സമാജ് വാദി പാര്‍ട്ടി വരാണസിയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ഒരാളില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തിയുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു. (തേജ് ബഹാദൂറിന്റെ നാമനിര്‍ദേശപത്രിക കഴിഞ്ഞയാഴ്‌ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.)
2017ല്‍ തന്നെ സര്‍വ്വീസില്‍ പുറത്താക്കിയതിന് പിന്നാലെ ദില്ലിയിലെ ജന്തര്‍മന്ദറില്‍ നടന്ന ധര്‍ണയ്‌ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു. "ആ വീഡിയോ ഞാനും കണ്ടു. അത് 2017ല്‍ എന്റെ അനുവാദമില്ലാതെ പകര്‍ത്തിയതാണ്. വീഡിയോയിലുള്ള വ്യക്തിയോട് സൈനികരുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്. പക്ഷേ, പ്രധാനമന്ത്രിയെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടേയില്ല". തേജ് ബഹാദൂര്‍ പറഞ്ഞു.
വീഡിയോയ്‌ക്ക് പിന്നില്‍ തന്നോടുള്ള വ്യക്തിവൈരാഗ്യമാണുള്ളതെന്നും തേജ് ബഹാദൂര്‍ പറഞ്ഞു. വീഡിയോയിലുള്ള പൊലീസ് കോണ്‍സ്‌റ്റബിള്‍ ആവശ്യപ്പെട്ട പണം താന്‍ നല്‍കാഞ്ഞതിലുള്ള വൈരാഗ്യമാണ് വ്യാജവീഡിയോ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നിലുള്ളത്. അയാള്‍ രണ്ടാഴ്‌ച്ച മുമ്പ് തന്നെ സമീപിച്ചെന്നും 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞെന്നും തേജ് ബഹാദൂര്‍ പറഞ്ഞു.
