Asianet News MalayalamAsianet News Malayalam

'മോദിക്കെതിരെ മത്സരിക്കും', പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂറിന്‍റെ ഹർജി സുപ്രീംകോടതിയിൽ

സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിലെ കാരണം എഴുതിയതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വരണാധികാരി തേജ് ബഹാദൂറിന്‍റെ പത്രിക തള്ളിയത്. 

tej bahadur yadav plea in supreme court today
Author
Varanasi, First Published May 8, 2019, 9:43 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് തേജ് ബഹാദൂറിന് വേണ്ടി ഹാജരാവുക.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് എഴുതിയതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തള്ളിയത്.

അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നൽകിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി-ആര്‍എൽഡി സഖ്യ സ്ഥാനാർത്ഥിയായി പുതിയ പത്രിക നൽകുകയായിരുന്നു. 

സൈന്യത്തിലെ അഴിമതി സാമൂഹ്യമാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്. മുൻ സൈനികനെ സ്ഥാനാര്‍ത്ഥിയാക്കി മോദിയെ പ്രതിരോധത്തിലാക്കാനുള്ള മഹാസഖ്യത്തിന്‍റെ നീക്കം കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ പൊളിഞ്ഞത്. 

ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ശാലിനി യാദവിന്‍റെ പത്രിക പിൻവലിച്ചായിരുന്നു തേജ് ബഹാദൂറിന് മഹാസഖ്യം സീറ്റ് നൽകിയത്. തേജ് ബഹാദൂര്‍ യാദവിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ സുപ്രീംകോടതിയും ഇടപെട്ടില്ലെങ്കിൽ, വാരാണസിയിൽ മത്സരം നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായ്ക്കും ഇടയിലാവും. മോദിക്കെതിരെ കോണ്‍ഗ്രസിന് വോട്ടുചെയ്യുക മാത്രമാകും മഹാസഖ്യത്തിന് മുന്നിലെ വഴി. 

Follow Us:
Download App:
  • android
  • ios