പട്ടേൽ പ്രക്ഷോഭക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി അടിയന്തിരമായി കേൾക്കണമെന്നായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആവശ്യം. ഹർജി പരിഗണിക്കുന്നതിന് എന്താണ് ഇത്ര ധൃതിയെന്ന് സുപ്രീം കോടതി ചോദിച്ചു
ദില്ലി: പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹാർദിക് പട്ടേലിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി അടിയന്തിരമായി കേൾക്കണമെന്നായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആവശ്യം. ഹർജി പരിഗണിക്കുന്നതിന് എന്താണ് ഇത്ര ധൃതിയെന്ന് സുപ്രീം കോടതി ചോദിച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ഹാർദിക് പട്ടേൽ ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ജാംനഗർ മണ്ഡലത്തിൽ പത്രിക നൽകേണ്ട അവസാന ദിവസം വ്യാഴാഴ്ചയാണ്. ഇതോടെ ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായി.
2015ലെ സംവരണ പ്രക്ഷോഭത്തിനിടെ എംഎല്‍എയുടെ ഓഫീസ് തകര്‍ത്ത കേസിലാണ് സെഷൻസ് കോടതി ഹാർദിക് പട്ടേലിന് തടവ് ശിക്ഷ വിധിച്ചത്.ര ണ്ടു വര്‍ഷവും അതില്‍ക്കൂടുതലും തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട്. ഹാർദിക് പട്ടേലിന് എതിരെ 18 എഫ്ഐആറുകൾ നിലവിലുണ്ടെന്നും കേസ് റദ്ദാക്കാനുള്ള സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പട്ടേൽ സമുദായത്തിൽ ഹാർദിക്കിനുള്ള സ്വാധീനം വോട്ടാക്കാമെന്ന കോൺഗ്രസിന്‍റെ പ്രതീക്ഷയ്ക്കാണ് ഇതോടെ തിരിച്ചടി നേരിടുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേ സമ്പാദിക്കാൻ ആയില്ലെങ്കിൽ ഹാർദിക്ക് പട്ടേലിന് ഗുജറാത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനുള്ളിൽ സ്റ്റേ അനുവദിച്ച് കിട്ടാനുള്ള സാധ്യത വിരളവുമാണ്.
