ദില്ലി: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതോടെ, ബിജെപി, ആർഎസ്എസ് നേതാക്കൾ ഗോഡ്-കെ സ്നേഹികളല്ല (ദൈവസ്നേഹികളല്ല) ഗോഡ്-സെ സ്നേഹികളാണെന്ന് വെളിപ്പെട്ടെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. 

പ്രഗ്യാസിംഗ് പരാമർശം പിൻവലിച്ചെങ്കിലും വൻ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി. വെറുമൊരു ബിജെപി നേതാവല്ല, ഭോപ്പാലിൽ നിന്ന് മത്സരിച്ച് ജയിച്ചാൽ ബിജെപി എംപിയാണ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യാ സിംഗ് ഠാക്കൂർ. മഹാത്മാഗാന്ധിയുടെ ഘാതകനെ പ്രകീർത്തിച്ചുകൊണ്ടുള്ള പരാമർശം അന്താരാഷ്ട്രതലത്തിൽ ബിജെപിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുന്നതുമാണ്.

പ്രഗ്യാ സിംഗിനെ അനുകൂലിച്ച് കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കളും എത്തിയതോടെ അമിത് ഷായ്ക്ക് പ്രശ്നത്തിൽ നേരിട്ട് ഇടപെടേണ്ടി വന്നു. ആദ്യമായി ഒരു വിവാദത്തിൽ പ്രധാനമന്ത്രിക്ക് ഉടനടി പ്രതികരിക്കേണ്ടി വന്നു. പ്രഗ്യാ സിംഗിനോട് പൊറുക്കാനാവില്ലെന്ന് നരേന്ദ്രമോദിയും പരാമർശം നടത്തിയ ബിജെപി നേതാക്കളോട് വിശദീകരണം തേടി അമിത് ഷായും പ്രശ്നം തണുപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ പ്രതിപക്ഷം അതത്ര പെട്ടെന്ന് അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്നുറപ്പ്. 

ഈ സാഹചര്യത്തിലാണ് ബിജെപിക്കും ആർഎസ്എസ്സിനുമെതിരെ രാഹുൽ ആഞ്ഞടിക്കുന്നതും പരിഹസിക്കുന്നതും. നേരത്തേ പ്രിയങ്കാ ഗാന്ധിയും മോദിയെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.