ചെന്നൈ: തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും പ്രവചനാതീതമാണ്. താരതമ്യേന അബലരെന്ന് മുദ്രകുത്തപ്പെടുന്നവരാകും പാര്‍ട്ടി കുത്തകകളും കോട്ടകളും തകര്‍ക്കുന്നത്. വോട്ടുപിടുത്തത്തില്‍ ജാതിയും മതവും എല്ലാം വിജയത്തിലേക്ക് നയിക്കുന്ന  ഫാക്ടറുകളാണ്. എന്നാല്‍ സംവരണ മണ്ഡലമായ തമിഴ്നാട്ടിലെ ചിദംബരത്ത് വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തോള്‍ തിരുമാവളവന്‍ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് ജാതി വ്യവസ്ഥിതിയാണ്. ജാതി മേല്‍ക്കോയ്മയ്ക്ക് എതിരെ നിരന്തരം പടവെട്ടിയാണ് തോള്‍ തിരുമാവളവന്‍ ചിദംബരത്ത് നിന്നും പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. 

തമിഴ്നാട്ടിലെ ഉയര്‍ന്ന ജാതിവിഭാഗങ്ങളില്‍ ഒന്നാണ് വണ്ണിയാര്‍ സമുദായം. വണ്ണിയാര്‍മാരുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് പിഎംകെ. പിഎംകെയും എഐഎഡിഎംകെയും ബിജെപിയും സഖ്യം രൂപീകരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ചന്ദ്രശേഖര്‍ പി മത്സരിച്ചപ്പോള്‍ എതിരാളിയായി മത്സരരംഗത്ത് ഉണ്ടായിരുന്നത് ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ട വിടുതലൈ ചിരുതൈകള്‍ സ്ഥാനാര്‍ത്ഥി തോള്‍ തിരുമാവളവനാണ്.  

ദളിത് സമുദായത്തില്‍പ്പെട്ട തോള്‍ തിരുമാവളവന്‍ തമിഴ്നാട്ടിലെ ജാതി വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തിയാണ്  ശ്രദ്ധ നേടിയത്. 1990-കളിലാണ് തോള്‍ തിരുമാവളവന്‍ ദളിത് നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനാകുന്നത്. 1999-ല്‍ അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചു. തമിഴ്നാട്ടില്‍ വിടുതലൈ ചിരുതൈകൾ എന്ന പാര്‍ട്ടി രൂപീകരിച്ചു. 

പതിനഞ്ചാം ലോകസഭയിലെ അംഗമായിരുന്നു.  ദളിതർക്കെതിരായ അക്രമങ്ങളെയും അവഗണനകളെയും ചെറുക്കുകയാണ്, വിടുതലൈ ചിരുതൈകൾ കക്ഷികളുടെ പ്രധാന ലക്ഷ്യം. തമിഴ് ദേശീയ പ്രക്ഷോഭങ്ങൾക്കും തോൾ തിരുമാവാളവൻ പിന്തുണ നൽകി.

മദ്രാസ് ലാ കോളേജിൽനിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം നേരത്തെ ഫോറൻസിക് വിഭാഗത്തിൽ സയൻറിഫിക് അസിസ്റ്റൻഡായി ജോലി നോക്കിയിരുന്നു. 99ൽ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ വേണ്ടി ജോലി രാജിവെച്ചു. 199-ലും 2004ലും പൊതുതെരഞ്ഞെടുപ്പിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 2009ൽ ചിദംബരം മണ്ഡലത്തില്‍ നിന്ന് ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.

2001 ൽ ഡിഎംകെ സഖ്യകക്ഷിയായി നിയമസഭയിലെത്തിയെങ്കിലും 2004ൽ ഡിഎംകെയുമായി തെറ്റി എംഎൽഎ സ്ഥാനം രാജിവെച്ചു. പിന്നാക്ക വിഭാഗത്തിന് മുൻ തൂക്കമുള്ള പാട്ടാളി മക്കൽ കക്ഷി നേതാവ് രാംദോസുമായുള്ള, തോൾ തിരുമാവാളവൻറെ തർക്കങ്ങൾ, പലപ്പോഴും തമിഴ്നാട്ടിൽ ജാതിസംഘർഷങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

എഴുത്തുകാരന്‍ കൂടിയായ തോള്‍ തിരുമാവളവന്‍ ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കെതിരെ ശക്തമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തിരുമാവളവന്‍ എഴുതിയ അപ്റൂട്ട് ഹിന്ദുത്വ, ദ ഫയറി വോയ്സ് ഓഫ് ലിബറേഷൻ പാന്തേഴ്സ് എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ജാതിക്കോട്ടകളെ വിറകൊള്ളിച്ച തോള്‍ തിരുമാവളവന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനും തിളക്കമേറെയാണ്. തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റത്തിന് കൂടി വഴിതെളിക്കുകയാണ് ഈ വിജയം.