Asianet News MalayalamAsianet News Malayalam

ആലത്തൂരിന്‍റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ് പി കെ ബിജുവെന്ന് തോമസ് ഐസക്

പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ല. അതുമൊരു ശാസ്ത്രവിഷയത്തിൽ. എസ്എഫ്ഐ പ്രസിഡന്‍റ് സ്ഥാനം ഞാനൊഴിഞ്ഞത് പിഎച്ച്ഡി പൂർത്തിയാക്കാനായിരുന്നു

thomas issac about p k biju
Author
Thiruvananthapuram, First Published Mar 28, 2019, 9:13 AM IST

തിരുവനന്തപുരം: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിനെതിരെ അനില്‍ അക്കര എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ധനമന്ത്രി ടി എം തോമസ് ഐസക്. ശാസ്ത്രത്തിൽ പിഎച്ച്ഡിയുള്ള പി കെ ബിജുവല്ലാതെ മറ്റൊരു വിദ്യാർഥി നേതാവിനെ തനിക്ക് അറിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ധനമന്ത്രി കുറിച്ചു.

പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ല. അതുമൊരു ശാസ്ത്രവിഷയത്തിൽ. എസ്എഫ്ഐ പ്രസിഡന്‍റ് സ്ഥാനം ഞാനൊഴിഞ്ഞത് പിഎച്ച്ഡി പൂർത്തിയാക്കാനായിരുന്നു. നിയമവും ആർട്സ് വിഷയങ്ങളും പഠിക്കുന്നവരാണ് വിദ്യാർഥി നേതാക്കളാവുക എന്ന പൊതുധാരണയെ അട്ടിമറിച്ച ആളാണ് ബിജു.

ഇത്രയും ആഴത്തിൽ സയൻസ് പഠിച്ചവർ വിദ്യാർഥി രംഗത്തെന്നല്ല പൊതുപ്രവർത്തകരിൽ അപൂർവമാണ്. പോളിമെർ കെമിസ്ട്രിയിലാണ് അദ്ദേഹത്തിന്‍റെ ഗവേഷണ ബിരുദം. പടവെട്ടി മുന്നേറാൻ വിദ്യാഭ്യാസമാണ് ഏറ്റവും കരുത്തുറ്റ ആയുധം എന്നു തിരിച്ചറിഞ്ഞ ബിജു, ഒരിക്കലും പഠനത്തിൽ ഉഴപ്പിയിട്ടേയില്ല.

രസതന്ത്രം പോലുള്ള വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടണമെങ്കിൽ എല്ലാ ഘട്ടങ്ങളിലും ഉയർന്ന മാർക്ക് കരസ്ഥമാക്കണം. മൂന്നാംതവണയാണ് ബിജു ആലത്തൂരിൽ ജനവിധി തേടുന്നത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ചുമതല നൂറു ശതമാനം നിറവേറ്റിയാണ് അദ്ദേഹം വീണ്ടും വോട്ട് അഭ്യർഥിക്കുന്നതെന്നും തോമസ് ഐസക് കുറിച്ചു.

തോമസ് ഐസക്കിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശാസ്ത്രത്തിൽ പിഎച്ച്ഡിയുള്ള പി കെ ബിജുവല്ലാതെ മറ്റൊരു വിദ്യാർത്ഥി നേതാവിനെ എനിക്കറിയില്ല. പിഎച്ച്ഡി ഗവേഷണവും സംഘടനാപ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോകുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ല. അതുമൊരു ശാസ്ത്രവിഷയത്തിൽ. എസ്എഫ്ഐ പ്രസിഡൻ്റുപദം ഞാനൊഴിഞ്ഞത് പിഎച്ച്ഡി പൂർത്തിയാക്കാനായിരുന്നു.

സാമൂഹ്യശാസ്ത്രവിഷയമാണ് ഞാൻ തിരഞ്ഞെടുത്തത്. അതുപോലല്ല സയൻസ്. അതും രസതന്ത്രം. നിയമവും ആർട്സ് വിഷയങ്ങളും പഠിക്കുന്നവരാണ് വിദ്യാർത്ഥി നേതാക്കളാവുക എന്ന പൊതുധാരണയെ അട്ടിമറിച്ച ആളാണ് ബിജു. ഇത്രയും ആഴത്തിൽ സയൻസ് പഠിച്ചവർ വിദ്യാർത്ഥി രംഗത്തെന്നല്ല പൊതുപ്രവർത്തകരിൽ അപൂർവമാണ്. പോളിമെർ കെമിസ്ട്രിയിലാണ് അദ്ദേഹത്തിൻ്റെ ഗവേഷണ ബിരുദം.

ഏതു ജീവിതസാഹചര്യത്തിൽ നിന്നാണ് പി കെ ബിജു വളർന്നു വന്നത് എന്നു നോക്കൂസാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ ഏറ്റവും പിന്നിൽ നിന്നാണ് സഖാവ് അതിജീവനത്തിനുളള യുദ്ധം ആരംഭിച്ചത്. പടവെട്ടി മുന്നേറാൻ വിദ്യാഭ്യാസമാണ് ഏറ്റവും കരുത്തുറ്റ ആയുധം എന്നു തിരിച്ചറിഞ്ഞ ബിജു, ഒരിക്കലും പഠനത്തിൽ ഉഴപ്പിയിട്ടേയില്ല. രസതന്ത്രം പോലുള്ള വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടണമെങ്കിൽ എല്ലാ ഘട്ടങ്ങളിലും ഉയർന്ന മാർക്ക് കരസ്ഥമാക്കണം. പരീക്ഷണശാലയും റെക്കോഡെഴുത്തും ആഴത്തിലുള്ള വായനയും കൊണ്ട് ബിരുദവും ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവുമൊക്കെ താണ്ടി, സ്ഥിരോത്സാഹത്തിൻ്റെയും പ്രയത്നശീലത്തിൻ്റെയും ആവേശകരമായ മാതൃകയാണദ്ദേഹത്തിൻ്റേത്.

മൂന്നാംതവണയാണ് ബിജു ആലത്തൂരിൽ ജനവിധി തേടുന്നത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ചുമതല നൂറു ശതമാനം നിറവേറ്റിയാണ് അദ്ദേഹം വീണ്ടും വോട്ട് അഭ്യർത്ഥിക്കുന്നത്. പാർലമെന്റിൽ സജീവസാന്നിധ്യമായിരുന്ന ബിജു, അവസരം കിട്ടിയപ്പോഴൊക്കെ പാർലമെൻ്റിൽ കേരളത്തിൻ്റെയും ഇടതുപക്ഷത്തിൻ്റെയും ശബ്ദം ഉച്ചത്തിൽ മുഴക്കിയിട്ടുണ്ട്. എംപി ഫണ്ടു വിനിയോഗത്തിൽ ഏറ്റവും മുന്നിൽ. അതിനു പുറമെയുള്ള വികസനപ്രവർത്തനങ്ങളും വിശാലമായ കാഴ്ചപ്പാടിൻ്റെയും ഇടതുപക്ഷ വീക്ഷണത്തിൻ്റെയും അടിസ്ഥാനത്തിൽ നേതൃനിരയിൽ നിന്ന് ഏറ്റെടുക്കാൻ ഒട്ടും മടികാണിച്ചിട്ടില്ല.

പദ്ധതി അവലോകനത്തിൽ ബിജു കാണിച്ചിട്ടുള്ള നിഷ്കർഷത പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആകെ മേൽ‍നോട്ടം വിജയകരമായി നിർവ്വഹിച്ചത് അദ്ദേഹത്തിൻ്റെ ഏറ്റവും മുന്തിയ പ്രവർത്തന നേട്ടമാണ്. സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങളിലേയ്ക്ക് അർഹതപ്പെട്ടവരിലേയ്ക്ക് കൃത്യമായി എത്തിച്ചേരുന്നു എന്നുറപ്പു വരുത്താൻ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയിട്ടുണ്ട്, ബിജു.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ത്രൈമാസ അവലോകനയോഗങ്ങളിൽ ബിജുവിൻ്റെ പ്രകടനം വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 
കേന്ദ്രാവിഷ്കൃത പദ്ധതികൾ ഓരോന്നും കൃത്യമായി പഠിച്ചു നടത്തിയ റിവ്യൂ മീറ്റിംഗുകൾ അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവത്തിൻ്റെ തെളിവുകളായി നമുക്കു മുന്നിലുണ്ട്. ഉദാസീനതയും അലംഭാവവും കാട്ടുന്ന ഉദ്യോഗസ്ഥരെ പൊതുപണം വിനിയോഗിക്കേണ്ടതിന്റെ ഉത്തരവാദിത്വവും സുതാര്യതയും കൃത്യതയും ബോധ്യപ്പെടുത്തുന്ന പഠനക്കളരികളായിരുന്നു ആ അവലോകനങ്ങൾ എന്ന് ഉദ്യോഗസ്ഥതലത്തിൽത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ആലത്തൂരിൻ്റെ സമഗ്രതലസ്പർശിയായ വികസനഭാവി ആസൂത്രണം ചെയ്യാൻ ബിജു മുന്നിൽത്തന്നെയുണ്ടായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, അടിസ്ഥാന സൌകര്യങ്ങൾ, ആദിവാസിക്ഷേമം തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷ നിലപാടുകളുടെ തെളിമയുള്ള വികസനമുന്നേറ്റങ്ങളാണ് സാധ്യമാക്കിയത്. വികസനമെത്താത്ത ഉൾഗ്രാമങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ടാണ് ഫണ്ടു വിനിയോഗവും മറ്റും ആസൂത്രണം ചെയ്യപ്പെട്ടത്.

ആലത്തൂരിൻ്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് സഖാവ് ബിജു. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ആവേശമായി ആ സഖാവ് ഇക്കുറിയും പാർലമെൻ്റിലുണ്ടാകും.

 

Follow Us:
Download App:
  • android
  • ios