Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയുമായി തൃശൂരിന് ബന്ധമില്ല, മത്സരിക്കാന്‍ മോദി ആവശ്യപ്പെട്ടു, പ്രഖ്യാപനം ഉടനെന്ന് തുഷാര്‍

താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ല. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ 

thushar vellappally on thrissur seat
Author
Delhi, First Published Mar 23, 2019, 10:29 AM IST

ദില്ലി: പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂര്‍ ബിജെപി ഏറ്റെടുക്കില്ല. മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തൃഷാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ തൃശൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തില്‍നിന്ന് തുഷാര്‍ ഒഴിഞ്ഞ് മാറി. 

താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ല. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു. പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണ്. പ്രഖ്യാപനത്തിനു പാർട്ടി യോഗം ചേർന്ന് നടപടി ക്രമം പൂർത്തിയാക്കണമെന്നും തുഷാര്‍ പറ‍ഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാനായ, പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് ബിജെപി, ബിഡിജെഎസിന് വിട്ട് നല്‍കിയിരിക്കുന്നത്. കെ സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച മണ്ഡലം വിട്ട് നല്‍കുമ്പോള്‍ തുഷാര്‍ അവിടെ മത്സരിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. അതിനാല്‍ തന്നെ തുഷാറിന് പകരം മറ്റൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാകുമോ എന്ന് വ്യക്തമല്ല. 

ആദ്യം തുഷാര്‍ മത്സരിക്കുന്നതിനെതിരെ കടുത്ത നിലാപാടെടുത്ത വെള്ളാപ്പള്ളി നടേശന്‍ എന്നാല്‍ കഴിഞ്ഞ ദിവസം അനുകൂല നിലപാടാണ് സ്വീകരിച്ചത്. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നായിരുന്നു വെള്ളാപ്പള്ളി മുന്നോട്ട് വച്ച ഉപാധി. എന്നാല്‍ ഭാരവാഹിത്വം ഒഴിയണമോ എന്നത് പിന്നീട് ആലോചിക്കാം എന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റാണ് തുഷാര്‍. 

Follow Us:
Download App:
  • android
  • ios