പത്തനംതിട്ട: കാത്തിരിപ്പിനൊടുവില്‍ പത്തനംതിട്ട ലോക്സഭാ സീറ്റിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ തന്നെ ബിജെപി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തെളി‍ഞ്ഞു.  സിറ്റിംഗ് എംപിയായ ആന്‍റോ ആന്‍റണി യുഡിഎഫിനായി കളത്തില്‍ ഇറങ്ങുമ്പോള്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെ മുന്നില്‍ നിര്‍ത്തിയാണ് ശബരിമല വിഷയം ആളിക്കത്തിയ പത്തനംതിട്ട പിടിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നത്. 

യു.ഡി.എഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയുടെ പ്രചാരണത്തിനായി ജില്ലാ കൺവെൻഷൻ നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രചാരണം ഉദ്ഘാടനം ചെയ്തു. എതിരാളി ആരെന്നത് പ്രശ്നമെല്ലെന്ന് ആന്‍റോ പറയുന്നു. കോണ്‍ഗ്രസ് അനുഭാവ മണ്ഡലമായ പത്തനംതിട്ടയില്‍ വിജയം അനായാസമെന്ന കണക്ക് കൂട്ടലിലാണ് ആന്‍റോ ആന്‍റണി. മൂന്നാം വട്ടവും മത്സരിക്കുന്ന ആന്‍റോയ്ക്കെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതൃപ്തി നേരത്തെ തന്നെ പുറത്തു വന്നതാണ്. എന്നാല്‍ കെപിസിസി നേതൃത്വത്തിന്‍റെ നേരിട്ടുള്ള ഇടപെടലില്‍ ഇതെല്ലാം ഒതുക്കി തീര്‍ത്തുവെന്ന പ്രതീക്ഷയിലാണ് നേതൃത്വം. 

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ആദ്യം തന്നെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചാരണത്തില്‍ വളരെ ദൂരം മുന്നിലാണെന്നത്തിന്‍റെ ആത്മവിശ്വാസത്തിലാണ്. ജില്ലാ-മണ്ഡലം കണ്‍വന്‍ഷനുകള്‍ ഇതിനോടകം തന്നെ എല്‍ഡിഎഫ് പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ റോഡ് ഷോയുമായി വീണാ ജോര്‍ജ് മണ്ഡലം നിറയും. നിയമസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ക്രൈസ്തവ വോട്ടുകളിലാണ ് വീണയുടേയും കണ്ണ്. 

ശബരിമല  തന്നെയാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയമെന്ന് യു.ഡി.എഫും ബിജെപിയും ഒരു പോലെ വ്യക്തമാക്കുന്നു.  ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിന്‍റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നതടക്കം കെ. സുരേന്ദ്രന് ഗുണകരമാവുമെന്നാണ്   ബിജെപി  കരുതുന്നത്. സ്ഥാനാർത്ഥിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ തന്നെ പലയിടത്തും സുരേന്ദ്രനായി ചുവരെഴുത്തുകൾ പ്രവർത്തകർ തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് ബിജെപി ക്യാംപ് പ്രകടിപ്പിക്കുന്നത്. 

മൂന്നാം വട്ടം മത്സരിക്കാന്‍ ഇറങ്ങുന്ന ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവും ജില്ലാ കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നതകളും ബിജെപി പ്രതീക്ഷയോടെ നോക്കി കാണുന്നു.  ക്രൈസ്തവ വോട്ടുകള്‍ ഇരുമുന്നണികളിലേക്കായി വിഭജിക്കപ്പെട്ടാൽ ശബരിമല വിഷയം ഉയർത്തി ഹൈന്ദവവോട്ടുകളുടെ ഏകീകരണം സാധ്യമാകും എന്ന പ്രതീക്ഷയാണ് ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നത്.  യു.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് വഴി തുറന്നതോടെ കൂടുതൽ ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.