Asianet News MalayalamAsianet News Malayalam

രാഹുൽ വയനാട് ഡിസിസി ഓഫീസിൽ കയറില്ല, സുരക്ഷ പോരെന്ന് എസ്‍പിജി; നേതാക്കളുമായി കൂടിക്കാഴ്ച ഒഴിവാക്കി

പത്രികാ സമർപ്പണശേഷം ഡിസിസിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടി കാഴ്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഡിസിസിയിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുൽഗാന്ധിയെ കൊണ്ടു പോകാനാവില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

tight security in wayanad while rahul gandhi coming
Author
Wayanad, First Published Apr 3, 2019, 11:32 AM IST

വയനാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ എത്തുന്ന സാഹചര്യത്തിൽ വയനാട് നഗരം എസ്‍പിജി സുരക്ഷയിൽ. നഗരത്തിൽ ആകെ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ്. വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. 

അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് എട്ട് മണിയോടെയാണ് രാഹുൽ ഗാന്ധി കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തിൽ ഗസ്റ്റ് ഹൗസിന്‍റെ നിയന്ത്രണം എസ് പിജി ഏറ്റെടുത്തു. 

രാവിലെ റോഡ് മാര്‍ഗ്ഗം വയനാട്ടിലെത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി. ചുരംകയറി പോകുന്ന റോഡിൽ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. 

പതിനോന്ന് മണിയോടെ കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ജെസിബി ഉയോഗിച്ച് മൈതാനം നിരപ്പാക്കുന്ന പണികളെല്ലാം പുരോഗമിക്കുകയാണ്. ഇതിന് പുറമെ പുത്തൂര്‍ വയൽ എആര്‍ ക്യാമ്പ്  ഗ്രൗണ്ടിലും ബത്തേരി സെന്‍റ്മേരീസ് കോളേജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ് പിജി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

tight security in wayanad while rahul gandhi coming

കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുൽ ഗാന്ധി ബസ് സ്റ്റാന്‍റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുമെന്നാണ് നിലവിലെ തീരുമാനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്‍റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടാകും. ഇതിനിരുവശത്തും മാത്രമെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാകൂ. 

tight security in wayanad while rahul gandhi coming

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഡിസിസി ഓഫീസിലെത്തി രാഹുൽ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് കൽപ്പറ്റയിലെ ഡിസിസി ഓഫീസ് രാജീവ് ഭവൻ മോടികൂട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഡിസിസി ഓഫീസ് പരിസരത്ത് പന്തൽ പണി പുരോഗമിക്കുന്നതിനെടെയാണ് രാഹുൽ ഇവിടെ എത്തിയേക്കില്ലെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ നൽകുന്നത് . ഡിസിസി യിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുൽഗാന്ധിയെ കൊണ്ടു പോകാനാവില്ലെന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഡിസിസിയെ അറിയിച്ചിട്ടുണ്ട്..

നഗരം ഇപ്പോൾ തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സുഗന്ധഗിരി അടക്കമുള്ള പ്രദേശങ്ങളിൽ തണ്ടര്‍ബോൾട്ട് പരിശോധന നടത്തുന്നുണ്ട്. രാഹുലിന്‍റെ  വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ചര്‍ച്ച ചെയ്യാൻ മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾ കോഴിക്കോട്ട് യോഗം ചേര്‍ന്നു. കെസി വേണുഗോപാൽ ,മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ ,പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയനാട്, കോഴിക്കോട്, മലപ്പുറം ഡി സി സി പ്രസിഡണ്ടുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. 

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പിന്നീടുള്ള പ്രചാരണ പരിപാടികൾ എങ്ങനെ ആകും അതിനുള്ള സുരക്ഷാ സംവിധാനങ്ങൾ മണ്ഡലത്തിൽ എല്ലായിടത്തും രാഹുൽ ഗാന്ധിക്ക് എത്താനാകുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തത വരേണ്ടതുണ്ട്.  

Follow Us:
Download App:
  • android
  • ios