ദില്ലി: ഉത്തർപ്രദേശിലെ ടൈംസ് നൗവിന്‍റെ എക്സിറ്റ് പോളിൽ മഹാസഖ്യത്തിന് വൻ തിരിച്ചടി. ആകെയുള്ള 80 സീറ്റുകളിൽ എൻഡിഎ 58 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ പറയുന്നത്. മഹാസഖ്യത്തിന് 20 സീറ്റ് മാത്രം. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് വൻ തിരിച്ചടിയാകും. രണ്ട് സീറ്റുകൾ മാത്രം. മറ്റുള്ളവർക്ക് സീറ്റൊന്നും കിട്ടില്ല.

ബിജെപിയെ തറപറ്റിക്കാൻ ഒന്നിച്ചിറങ്ങിയ എസ്‍പി - ബിഎസ്‍പി സഖ്യത്തിന് തലവേദനയാണ് ഈ എക്സിറ്റ് പോൾ ഫലങ്ങൾ. കഴിഞ്ഞ വർഷം മോദി തരംഗത്തിൽ ഉത്തർപ്രദേശ് ബിജെപി മൃഗീയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 80-ൽ 73 സീറ്റുകളാണ് കഴിഞ്ഞ തവണ ഇവിടെ ബിജെപിക്ക് കിട്ടിയത്. 

എന്നാൽ ഇത്തവണ ബിജെപിയുടെ സീറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് ടൈംസ് നൗ സർവേ പറയുന്നു. രണ്ട് പ്രധാന വോട്ട് ബാങ്ക് പാർട്ടികൾ ഒന്നിച്ച് വന്നത് ബിജെപിക്ക് ചെറിയ ക്ഷീണമുണ്ടാക്കും. എസ്‍പി-ബിഎസ്‍പി-ആർഎൽഡി എന്നീ പാർട്ടികൾ ചേർന്ന് 20 സീറ്റുകൾ നേടും. കഴിഞ്ഞ തവണ രണ്ട് പാർട്ടികളും ചേർന്ന് 5 സീറ്റുകൾ മാത്രമാണ് കിട്ടിയത്. കോൺഗ്രസിന് കഴിഞ്ഞ തവണ 2 സീറ്റുകൾ മാത്രമാണ് കിട്ടിയത്. ഇത്തവണയും കോൺഗ്രസിന് രണ്ട് സീറ്റുകൾ തന്നെ കിട്ടും. 

സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാമെങ്കിലും വോട്ട് ശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. 43.3 ശതമാനത്തിൽ നിന്ന് 44.8 ശതമാനം വോട്ടിലേക്ക് ബിജെപി എത്തുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിന്‍റെ വോട്ട് ശതമാനത്തിൽ ഒരു ശതമാനത്തിന്‍റെ വർദ്ധനവുണ്ടാകും. 8.4 ശതമാനത്തിൽ നിന്ന് 9.3 ശതമാനത്തിലേക്ക് എത്തും.