കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ ആയിരിക്കുമെന്ന ഒഡീഷ ചീഫ് മിനിസ്റ്ററും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാതൃകാ പരമായ നിലപാടുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോകസഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം. 

വനിതകളെ സംബന്ധിച്ച് ഇത് അഭിമാനാര്‍ഹമായ നിമിഷമാണെന്നും ഈ പട്ടിക പ്രഖ്യാപിക്കാന്‍ സന്തോഷവുമുണ്ടെന്ന് അഭിമുഖത്തോടെയാണ് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിന് പുറമെ ഒഡീഷയിലും ആസാമിലും ജാര്‍ഖണ്ഡിലും ബീഹാറിലും ആന്‍ഡമാനിലും തൃണമൂല്‍ കോണ്‍ഗ്രസ് ചില സീറ്റുകളില്‍ മല്‍സരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു. 

സ്ത്രീ  ശാക്തീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പ്രഖ്യാപനങ്ങള്‍ പാലിക്കണമെന്ന ആഹ്വാനത്തോടെയാണ് ബിജെഡി 330ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെന്ന പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൂട്ടാന്‍ എന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടം മാത്രമല്ല ആശയങ്ങളുടെ കൂടെ പോരാട്ടമെന്ന് ഉറപ്പ് നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം. 

രാജ്യ വ്യാപകമായി ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് മമതാ ബാനര്‍ജി. രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ വനിതകളെ എത്തിക്കാനുള്ള മമതാ ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വ്യാപക പ്രോല്‍സാഹനമാണ് ലഭിക്കുന്നത്. പ്രമുഖ സ്ഥാനങ്ങളില്‍ വനിതകള്‍ ഉള്ള പല പാര്‍ട്ടികള്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് 40 ശതമാനം സീറ്റുകളിലധികം വനിതകള്‍ക്ക് നല്‍കികൊണ്ട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.