ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിൽ രാജ്യം നിൽക്കുമ്പോൾ തമിഴ്‌നാട്ടിൽ നിയമസഭയിലേക്കുള്ള 18 സീറ്റിലേക്ക് കൂടി വോട്ടെടുപ്പ് നടക്കുന്നുണ്ട്. 18 നിയമസഭാ സീറ്റുകളിലേക്കും 39 ലോക്സഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. ഇതുവരെ 1200 ഓളം പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായാണ് വിവരം. പത്രികയിലെ വിവരങ്ങൾ പ്രകാരം ഇവരിൽ ഏറ്റവും ധനികനാണ് 1.76 ലക്ഷം കോടി രൂപ കൈയ്യിലുള്ള മോഹൻരാജ് ജെബമാനി.

ജെബമാനി ജനതാ പാർട്ടിയുടെ നേതാവാണ് അദ്ദേഹം. നാമനിർദ്ദേശ പത്രികയിൽ മോഹൻരാജ് രേഖപ്പെടുത്തിയ വിവരങ്ങൾ കണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വാ പൊളിച്ചു. കൈയ്യിൽ 1.76 ലക്ഷം കോടിയുണ്ടെന്ന് രേഖപ്പെടുത്തിയ അദ്ദേഹം ലോകബാങ്കിൽ നിന്ന് നാല് ലക്ഷം കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു.

സ്ഥാനാർത്ഥി ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കല്ലേ... എന്നാൽ വെറുതെ രേഖപ്പെടുത്തിയതുമല്ല ഈ വിവരങ്ങൾ. 1.76 ലക്ഷം കോടി എന്ന തുകയ്ക്ക് ഇന്ത്യയെ ഞെട്ടിച്ച ടുജി സ്പെക്ട്രം കേസുമായി ബന്ധമുണ്ട്. ഡിഎംകെ നേതാക്കളായ കനിമൊഴിയും എ രാജയും കുറ്റവിമുക്തരായ കേസിലേക്ക് നയിച്ചത് സർക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന സിഎജി റിപ്പോർട്ടാണ്.

മോഹൻരാജ് അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിനായാണ് ഇക്കുറി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന നടത്തുന്നതിന് പിന്നിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാനാണ് അദ്ദേഹം ഇത്തരത്തിൽ പത്രികയിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദ്ദേശ പത്രികയിൽ യഥാർത്ഥ വിവരങ്ങളല്ല രേഖപ്പെടുത്തുന്നതെന്നും, അത് കണ്ടെത്താൻ തക്ക യാതൊരു പരിശോധനയും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നില്ലെന്നുമാണ് മോഹൻരാജിന്റെ പരാതി. ഈ കാര്യങ്ങൾ തെളിയിക്കാനായാണ് അദ്ദേഹം തന്റെ പത്രികയിൽ ലക്ഷം കോടി രൂപയിലേറെ ആസ്തിയുണ്ടെന്നും ലോകബാങ്കിൽ നിന്ന് വായ്‌പയെടുത്തിട്ടുണ്ടെന്നും രേഖപ്പെടുത്തിയത്.

സംസ്ഥാന നിയമസഭയിലേക്ക് പെരമ്പൂർ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ഇദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതേസമയം ടുജി സ്പെക്ട്രം കേസിൽ കുറ്റവിമുക്തരായ കനിമൊഴിയും രാജയും യഥാക്രമം തൂത്തുക്കുടി, നീലഗിരി സീറ്റുകളിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്.