കെ സി വേണുഗോപാലിന്‍റെ അപ്രതീക്ഷിത പിന്മാറ്റത്തോടെ ആലപ്പുഴയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്

ആലപ്പുഴ: ശക്തമായ അടിത്തറയുള്ള ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് എ എം ആരിഫിലൂടെ ഇടത് മുന്നണി. നേരത്തെ തുടങ്ങിയ പ്രചരണത്തിലൂടെ എല്‍ഡിഎഫ് നേടിയ മേല്‍ക്കൈ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ മറികടക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ ശബരിമല വിഷയം അടക്കം മുന്‍നിര്‍ത്തി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനാണ് എന്‍ഡിഎയുടെ ശ്രമം.

കെ സി വേണുഗോപാല്‍ ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയോടെയായിരുന്നു എഎം ആരിഫിനെ ഇടതുമുന്നണി കളത്തിലിറക്കിയത്. ശക്തമായ യു‍‍ഡിഎഫ് അടിത്തറയുള്ള ആരൂരില്‍ വലിയ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആരിഫിന് നറുക്ക് വീണത്. പ്രചരണം നേരത്തെ തുടങ്ങാനായതിന്‍റെ മുന്‍തൂക്കം മണ്ഡലത്തിലുണ്ട്.

ആലപ്പുഴയില്‍ ആദ്യം പറഞ്ഞുകേട്ട പേരുകളിലൊന്നും ഷാനിമോള്‍ ഉസ്മാനുണ്ടായിരുന്നില്ല. കെ സി വേണുഗോപാലിന്‍റെ അപ്രതീക്ഷിത പിന്മാറ്റത്തോടെ ആലപ്പുഴയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്.

കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയ പിഎസ്എസ് മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെഎസ് രാധാകൃഷ്ണന്‍ ഏറെ വൈകിയാണ് മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയത്. ശബരിമല വിഷയമാണ് പ്രധാന തുറുപ്പ് ചീട്ട്. ഇടത് വലത് മുന്നണിക്ക് ശക്തമായ അടിത്തറയുള്ള ആലപ്പുഴ മണ്ഡലത്തില്‍ പരമാവധി വോട്ട് എന്നതാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.