കോഴിക്കോട്: തിരിച്ചറിയൽ കാർഡിൽ മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്തിയതിനെതിരെ ട്രാൻസ്ജെൻഡറുകൾ. ഇക്കാര്യത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നടപടി എടുക്കേണ്ടെതെന്നായിരുന്നു മറുപടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഉടൻ ഇടപെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആറ് മാസം വിവിധ ഓഫീസുകളിൽ കയറിയിറങ്ങിയാണ് കോഴിക്കോട് ഒളവണ്ണ സ്വദേശി സിസിലി ജോർജ്ജിന് തിരിച്ചറിയൽ കാർഡ് ലഭിച്ചത്. മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്തരുതെന്ന് കാണിച്ച് ട്രാൻസ്ജെൻഡർ സെൽ സംസ്ഥാന കോർഡിനേറ്റർ എസ് ശ്യാമയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയെ നേരിട്ട് കണ്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ ഇടപെടാനാകൂ എന്നായിരുന്നു മറുപടി.

Also Read: ട്രാൻസ്ജെൻഡറാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞതിന് ശേഷമുള്ള കന്നിവോട്ട്; സിസിലി ആഹ്ലാദത്തിലാണ്

ട്രാൻസ്ജെൻഡർ ആവുന്നതിന് മുമ്പുണ്ടായിരുന്ന പേരിലാണ് പലർക്കും തിരിച്ചറിയൽ കാർഡ് അനുവദിച്ചത്. പോളിംഗ് ബൂത്തിലെത്തുമ്പോൾ പേരിലെ വ്യത്യാസം ആശയക്കുഴപ്പമുണ്ടാക്കാനും സാധ്യതയുണ്ട്. നൂറ്റിയിരുപതോളം ട്രാൻസ്ജെൻഡറുകൾക്കാണ് സംസ്ഥാനത്ത് ഈ വർഷം തിരിച്ചറിയൽ കാർഡ് കിട്ടിയത്. നിരവധി ട്രാൻസ്ജെൻഡറുകൾ ഇപ്പോഴും തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്നറിയാതെ ബുദ്ധിമുട്ടുന്നതായും ഇവർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ വ്യക്തമായ നിർദേശം നൽകിയിട്ടില്ലെന്നാണ് പരാതി.