അഹമ്മദാബാദിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗീത പട്ടേലിനെതിരേയാണ് നരേഷ് മത്സരിക്കുന്നത്. ഇവിടെ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അഹമ്മദാബാദ്: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് അഹമ്മദാബാദിൽ നിന്നുള്ള ട്രാൻസ്ജെൻഡർ നരേഷ് ജെയ്സ്വാൾ. 28 വയസുള്ള നരേഷ് ഗുജറാത്തിലെ പടിഞ്ഞാറെ അഹമ്മദാബാദിലാണ് മത്സരിക്കുക. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് മുമ്പാകെ നരേഷ് നാമനിർദ്ദേശിക പത്രിക സമർപ്പിച്ചു.
അഹമ്മദാബാദിലെ രാഖിയാൽ സ്വദേശിയാണ് നരേഷ്. അഹമ്മദാബാദിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗീത പട്ടേലിനെതിരേയാണ് നരേഷ് മത്സരിക്കുന്നത്. ഇവിടെ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ബിജെപി നേതാവും സിറ്റിങ് എംപിയുമായ പരേഷ് റവാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കാണിച്ചതിനെ തുടർന്ന് ബിജെപി പ്രതിസന്ധിയിലാണ്.
ഇത് രണ്ടാം തവണയാണ് നരേഷ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2015-ൽ അഹമ്മദാഹബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നരേഷ് മത്സരിച്ചിരുന്നു. ഒരു മാറ്റത്തിനു വേണ്ടിയാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കേണ്ടത് പാർട്ടി നോക്കിയിട്ടല്ലെന്നും നരേഷ് പറഞ്ഞു.
കഴിഞ്ഞ മാസം, പ്രയാഗ്രാജ് ലോക്സഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ട്രാൻസ്ജെൻഡർ ഭവാനി മായെ ആയിരുന്നു. ആന്ധ്രാപ്രദേശിലെ മൻഗ്ലാഗിരി ലോക്സഭാ മണ്ഡലത്തിൽ ട്രാൻസ്ജെൻഡർ തമ്മന്ന സിംഹാദ്രിയാണ് മത്സരിക്കുന്നത്.
