അങ്കമാലി സ്വദേശി ചിഞ്ചു അശ്വതിയാണ് എറണാകുളത്ത് പത്രിക നൽകിയത്. 25 വയസ്സുള്ള ചിഞ്ചു ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇക്കുറി മത്സരിക്കുന്നവരിൽ ട്രാൻസ്ജെൻഡറുമുണ്ട്. അങ്കമാലി സ്വദേശി ചിഞ്ചു അശ്വതിയാണ് പത്രിക നൽകിയത്.
അശ്വതി രാജപ്പൻ എന്ന പേരിലാണ് ചിഞ്ചു അശ്വതി എറണാകുളം ജില്ല കളക്ടർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. 25 വയസ്സുള്ള ചിഞ്ചു ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. പീപ്പിൾസ് പൊളിറ്റിക്കഷൽ ഫോറം എന്ന കൂട്ടായ്മയുട പിന്തുണയോടെയാണ് മത്സരരംഗത്തിറങ്ങുന്നത്. ബംഗ്ലൂരുവിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ചിഞ്ചുവിപ്പോൾ. തൃശ്ശൂർ ആസ്ഥാനമായുള്ള സഹയാത്രിക എന്ന സംഘടനയിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ പോളിസി നിലവിൽ വന്നിട്ടും ഈ വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നതെന്നാണ് ചിഞ്ചു പറയുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ പ്രകടന പത്രിക തയ്യാറാക്കി അടുത്ത ദിവസം തന്നെ പ്രചാരണ രംഗത്തിറങ്ങാനാണ് ചിഞ്ചുവിന്‍റെ നീക്കം.
