പശ്ചിമബംഗാളിലെ സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന അവകാശവാദം നടത്തിയത്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 40 എംൽഎമാർ ബിജെപിയുമായി നിരന്തരം ബന്ധം പുലർത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി രാജ്യസഭ എംപി ഡെറിക് ഓ ബ്രയൻ രംഗത്തെത്തി. മോദിക്കെതിരെ കുതിരക്കച്ചവടത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് വ്യക്തമാക്കിയ ഡെറിക് ഓ ബ്രയൻ ഒരു മുൻസിപ്പൽ കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ലെന്ന് ഉറപ്പിച്ച് പറയുന്നു.
എക്സ്പൈരി ബാബു എന്ന് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച ഡെറിക് ഓ ബ്രയൻ. മോദിയുടെ കാലാവധി ഉടൻ തീരുമെന്നും ഓർമ്മിപ്പിച്ചു. പശ്ചിമബംഗാളിലെ സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി, തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന അവകാശവാദം നടത്തിയത്.
''ദീദീ, മെയ് 23-ന് ഫലം പുറത്തുവന്നാൽ എല്ലായിടത്തും താമര വിരിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാം പുറത്തു വരും. നിങ്ങളുടെ എംഎൽഎമാർ നിങ്ങളെ വിട്ട് ഓടി രക്ഷപ്പെടും. ഇന്ന് പോലും, നിങ്ങളുടെ 40 എംഎൽഎമാർ എന്നോടൊപ്പമാണ് '', ഇതായിരുന്നു മോദിയുടെ വാക്കുകൾ.
ആകെ 295 സീറ്റുകളാണ് പശ്ചിമബംഗാളിൽ ഉള്ളത്. ഇതിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ മമതാ ബാനർജി അധികാരത്തിലെത്തിയത്. ബംഗാൾ നിയമസഭയിൽ കേവലഭൂരിപക്ഷം 148 സീറ്റുകളാണ്. 40 എംഎൽഎമാർ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരം നഷ്ട്ടപ്പെടില്ലെങ്കിലും ഇത്രയും പേർ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പശ്ചിമബംഗാളിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വിചിത്രമായ വാദം നരേന്ദ്രമോദി ഉന്നയിക്കുന്നത്.
ജനങ്ങളെ ചതിച്ച മമതാ ബാനർജിക്ക് തുടരാൻ ബുദ്ധിമുട്ടാകുമെന്നും ശാരദാ ചിട്ടിതട്ടിപ്പ് കേസുകളുൾപ്പടെ ചൂണ്ടിക്കാട്ടി മോദി പ്രസംഗത്തിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മോദിയുടെ ഈ അവകാശവാദം.
