മല്‍ഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍ വെങ്കിടേഷിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ അനധികൃതമായി കടന്ന് ചിത്രങ്ങളും വീഡിയോയും പകർത്തിയ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകൻ അറസ്റ്റിൽ. മല്‍ഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍ വെങ്കിടേഷിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

വിവപാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് വെങ്കിടേഷ് ചിത്രം പകര്‍ത്തിയത്. ബോ​ഗ്റാമിലെ ഹോളി മേരി കോളേജിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വെങ്കിടേഷിനെ ജയിലിലേക്ക് മാറ്റി. സിറ്റിങ് എംപി മല്ല റെഡ്ഡിയുടെ മരുമകനും ടിആർഎസ് നേതാവുമായ മാരി രാജശേഖര്‍ റെഡ്ഡി കോൺ​ഗ്രസ് നേതാവ് എ രേവനാഥ് റെഡ്ഡി, ബിജെപി നേതാവ് എൻ രാമചന്ദ്രൻ എന്നിവർക്കെതിരേയാണ് മണ്ഡലത്തിൽ മത്സരിച്ചത്. 

ഏപ്രില്‍ 11-നായിരുന്നു തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ടിആര്‍എസ് ഏറെ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് മല്‍ഖജ്ഗിരി. 31.50 ലക്ഷം വോട്ടർമാരുള്ള മണ്ഡലം 'മിനി ഇന്ത്യ' എന്നാണ് അറിയപ്പെടുന്നത്.