ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്ന പ്രഗ്യാസിങിന്‍റെ വാദം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ഭോപ്പാല്‍: ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിജയത്തെ തള്ളി മഹാത്മാഗാന്ധിയുടെ ചെറുമകന്‍റെ മകന്‍ തുഷാര്‍ ഗാന്ധി. ദേശഭക്തനായ നാഥുറാം ഗോഡ്സേയേക്ക് ഭോപ്പാല്‍ വോട്ട് ചെയ്തെന്നായിരുന്നു തുഷാറിന്‍റെ ട്വീറ്റ്. ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്ന പ്രഗ്യാസിംഗിന്‍റെ വാദം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗോഡ്സേയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദിയാണെന്നു പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഏഴുപേർ കൊല്ലപ്പെടുകയും നൂറിലേറെപേർക്ക് പരിക്കേൽക്കുകയുംചെയ്ത 2008 മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രണം പ്രഗ്യാ സിംഗ് ആണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എൻഐയെ പ്രഗ്യാ സിംഗിന്‍റെ പേര് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

പ്രചാരണത്തിനിടെ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച പ്രഗ്യാസിംഗിനെ ഭോപ്പാല്‍ ജനത വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചിരിക്കുകയാണ്. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിനെ മൂന്നുലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ പരാജയപ്പെടുത്തിയത്.